കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം നടി ദിവ്യ വിശ്വനാഥും നേരിട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ദിവ്യ പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല അതെന്നും വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഉണ്ടായതെന്നും ദിവ്യ ഒരു അഭിമുഖത്തില്‍ പറയുന്നു.

”തെറ്റായ വാര്‍ത്ത വന്നതു മുതല്‍ എനിക്ക് നിരവധി കോളുകളാണ് വന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തു. ഞാന്‍ നല്‍കിയ അഭിമുഖത്തില്‍ സിനിമാ മേഖലയില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഞാന്‍ മറുപടി നല്‍കി. എന്നാല്‍ അത് എല്ലാവരും കരുതുന്നത് പോലെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല. തികച്ചും വ്യത്യസ്തമായിരുന്നു.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”അക്കോമഡേഷനുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് നടന്നത്. അന്ന് എനിക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കി തരാന്‍ അതിന്റെ പ്രൊഡക്ഷന്‍ ടീമിന് കഴിഞ്ഞില്ല. ലഭിച്ച മോശം ഹോട്ടല്‍ മാറ്റിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. അവരുടെ നിലപാടില്‍ എന്തോ പന്തികേട് തോന്നുകയും ചെയ്തു. അങ്ങനെ ആ റൂം ഒഴിവാക്കി ഞാന്‍ മടങ്ങി. ഇതാണ് പീഡനമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.”-ദിവ്യ പറയുന്നു.

മലയാളി വീട്ടമ്മമാരുടെ ജനപ്രിയ നായികയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടിവി സീരിയല്‍ രംഗത്ത് സൂപ്പര്‍നായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. ഇപ്പോള്‍ ‘മാമാട്ടിക്കുട്ടി’യെന്ന സീരിയലിലെ സാന്ദ്രയെന്ന നായികാ കഥാപാത്രത്തേയും വീട്ടമ്മമാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.