ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ദുരന്തത്തിന്റെ കണ്ണുനീർ വറ്റുന്നില്ല. പടക്കം പൊട്ടി വീടിന് തീപിടിച്ച സംഭവത്തിൽ മരണസംഖ്യ ആറായി ഉയർന്നു.ആരോൻ കിഷനും ഭാര്യ സീമയും അവരുടെ 3 മക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനാണ് ഞായറാഴ്ച ദീപാവലി ആഘോഷങ്ങൾക്കിടയിൽ തീപിടിച്ച് വൻ ദുരന്തത്തിന് കാരണമായി മാറിയത് . ലണ്ടനിലെ ഹൌൺസ്ലോയിലെ ചാനൽ ക്ലോസിലായിരുന്നു ഇവരുടെ വീട് .
ആരോൻ കിഷന്റെ ഭാര്യയും മക്കളായ റിയാൻ, ഷാനയ, ആരോഹി എന്നിവരും മറ്റൊരു മുതിർന്നയാളും ഞായറാഴ്ച അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 6 – മത് ഒരാളുടെ മൃതദേഹവും കൂടി സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതായിട്ട് ഇപ്പോൾ മെറ്റ് പോലീസ് അറിയിച്ചിരിക്കുന്നു. ആരോൻ കിഷൻ ആശുപത്രിയിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആദ്യമായാണ് ദീപാവലി ആഘോഷങ്ങൾക്ക് ഇടയിൽ യുകെയിൽ മനുഷ്യ ജീവന് ഹാനി വരുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്.
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്. ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.
Leave a Reply