ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റും . കാലാവസ്ഥയിൽ ഉള്ള മാറ്റം വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ആഴ്‌ച ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു കൊടുങ്കാറ്റുകൾക്ക് കാരണമായതായി വിദഗ്ദ്ധർ പറഞ്ഞു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചു. ഇതിൽ ചില സ്ഥലങ്ങളിൽ വാണിംഗ് തിങ്കളാഴ്ച്ച വരെ നീട്ടിയേക്കാം. ശക്തമായ കാറ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ നൽകുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും ചൂടുള്ള കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ താപനില 29C (84F) വരെ എത്തുമെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച ഒരു മണിക്കൂറിനുള്ളിൽ ചില പ്രദേശങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് മൂലം വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ന് വെയിൽസ്, ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ഉച്ച മുതൽ വൈകുന്നേരം വരെ വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് കൊടുങ്കാറ്റുണ്ടായിട്ടും ഉയർന്ന താപനില തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്‌തത്‌. ഉയർന്ന താപനിലയ്‌ക്കൊപ്പം കുടിവെള്ളത്തിന്റെ ആവശ്യവും കുത്തനെ ഉയരുകയാണ്.