യുകെയിലെ പ്രബല മലയാളീ അസോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 27 ശനിയാഴ്ച പൂൾ സെന്റ് എഡ്‌വേഡ്‌സ് സ്കൂളിൽ നടക്കും. വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ മത സാഹോദര്യത്തിന്റെയും കേരള തനിമയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്നവ ആയിരിക്കും.

2011 ൽ ജന്മമെടുത്ത നാൾ മുതൽ ഡോർസെറ്റിലെയും പൂളിലെയും സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഡി കെ സി, യു കെ മലയാളി അസോസിയേഷനുകളുടെ പൊതു ദേശീയ സംഘടനയായ യുക്മയിലും വ്യക്തമായ മേൽവിലാസം നേടിയെടുത്ത സംഘടനയാണ്. 2015 ൽ ഡി കെ സി യിൽ നിന്നും ഷാജി തോമസ് യുക്മ ദേശീയ ട്രഷറർ ആയതും, ഈ വർഷം പുതിയ യുക്മ ദേശീയ പ്രസിഡന്റായി നിലവിലുള്ള ഡി കെ സി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള തെരഞ്ഞെടുക്കപ്പെട്ടതും സംഘടനയുടെ ദേശീയ തലത്തിലുള്ള പങ്കാളിത്തവും പ്രസക്തിയും വ്യക്തമാക്കുന്നു.

ഈ വർഷത്തെ ആഘോഷങ്ങളിൽ യു കെ പൊതു സമൂഹത്തിൽനിന്നും പ്രമുഖരായ രണ്ടു വ്യക്തികൾ ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയോടൊപ്പം ഒന്ന്ചേരുന്നു. മിഡ് ഡോർസെറ്റ് ആൻഡ് നോർത്ത് പൂൾ മണ്ഡലത്തിൽനിന്നുള്ള ബ്രിട്ടീഷ് പാർലമെന്റ് അംഗം മൈക്കിൾ ടോംലിൻസൺ, കേംബ്രിഡ്ജ് സിറ്റി കൗൺസിലറും മലയാളിയുമായ ബൈജു വർക്കി തിട്ടാല എന്നിവരാണ് ഡി കെ സി കുടുംബാംഗങ്ങളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015 ലും 2017 ലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്കിൾ ടോംലിൻസൺ അറിയപ്പെടുന്ന സംഘാടകനും പാർലമെന്റേറിയനും കൺസർവേറ്റിവ് പാർട്ടിയുടെ ഡോർസെറ്റ് പൂൾ മേഖലയിലെ പ്രമുഖനായ വക്താവുമാണ്. യു കെ മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായി മാറിക്കഴിഞ്ഞ ബൈജു വർക്കി തിട്ടാല യു കെ സീനിയർ കോർട്ട് സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ ടാക്സി ലൈസൻസിംഗ് കമ്മറ്റിയുടെ ചെയർമാനും കൂടിയാണ്.

2019 – 2020 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും ആഘോഷ പരിപാടികൾക്കിടയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി ജോമോൻ തോമസ് അറിയിച്ചു. പരിപാടികൾക്ക് ക്ഷേമ സോണി, ഡിജോ ജോൺ, സാബു കുരുവിള, സ്മിത പോൾ, ആൻസി ഷാജി, ബെന്നി തോമസ്, ഷാജി ജോൺ, ജിജോ പൊന്നാട്ട് , ഷാജി തോമസ്, ഷാലു ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും. പാട്ടും നൃത്തങ്ങളും ഇതര കലാപരിപാടികളും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ  അത്താഴ സദ്യയുമായി അരങ്ങുതകർക്കുന്ന ആഘോഷ രാത്രി അതിമനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഡി കെ സി സാരഥികളും പ്രവർത്തകരും. ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ മേൽവിലാസം താഴെ കൊടുക്കുന്നു

St.Edward School, Dale Valley Road, Poole – BH15 3NY