സ്വന്തം ലേഖകൻ
ലണ്ടൻ : എൻ എച്ച് എസ് ജീവനക്കാരുടെ ഫ്രീ കാർ പാർക്കിങ്ങിന്റെ ഫണ്ടിങ് അനിശ്ചിതകാലത്തേയ്ക്ക് തുടരാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി. കൊറോണ വൈറസ് വ്യാപിച്ച സമയത്ത് എൻഎച്ച്എസ് ജീവനക്കാരുടെ കാർ പാർക്കിംഗ് ചെലവ് സർക്കാർ വഹിച്ചിട്ടുണ്ട്. കോവിഡിനോട് പോരാടുന്നതിനാൽ മാർച്ച് 25 മുതലാണ് ഹെൽത്ത് കെയർ സ്റ്റാഫുകളുടെ പാർക്കിംഗ് ഫീസ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ ഈയൊരു പിന്തുണ എത്ര നാളത്തേയ്ക്ക് തുടരാൻ കഴിയുമെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് അർഗാർ പറഞ്ഞു.” എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് സൗജന്യ പാർക്കിംഗ് സാധ്യമാക്കിയത് പ്രാദേശിക അധികാരികളുടെയും സ്വതന്ത്ര ദാതാക്കളുടെയും പിന്തുണയിലൂടെ മാത്രമാണ്. ഈ പിന്തുണ അനിശ്ചിതകാലത്തേക്ക് തുടരാനാവില്ല.” അർഗാർ കൂട്ടിച്ചേർത്തു. എൻ എച്ച് എസ് സ്റ്റാഫുകളുടെ കാർ പാർക്കിംഗ് ഫീസ് ഇനിയും സർക്കാരിന് വഹിക്കാൻ ആവില്ലെന്ന് മാറ്റ് ഹാൻകോക്കും വ്യക്തമാക്കിയിരുന്നു.
വികലാംഗരായവർക്കും സ്ഥിരമായി ആശുപത്രി സന്ദർശനം നടത്തുന്നവർക്കും രോഗബാധിതരായ കുട്ടികൾക്കൊപ്പം രാത്രിയിൽ കഴിയുന്ന മാതാപിതാക്കൾക്കും നൈറ്റ് ഷിഫ്റ്റ് വർക്കേഴ്സിനും തുടർന്നും ഫ്രീ പാർക്കിംഗ് അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് അർഗാർ വ്യക്തമാക്കി. സർക്കാരിന്റെ പുതിയ നിലപാടിനെതിരെ വിമർശനവുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. കൊറോണയോട് പൊരുതുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള ഒരു തീരുമാനം ആരോഗ്യപ്രവർത്തകരെ സമ്മർദ്ദത്തിലാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഈയൊരു തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ചീഫ് സ്റ്റാഫ് മേധാവി അലക്സ് ഫ്ലിനും ട്വീറ്റ് ചെയ്തു. എൻ എച്ച് എസ് ജീവനക്കാരെ അമിത പാർക്കിംഗ് ചാർജുകളിൽ പെടുത്തരുതെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ലയല മൊറാൻ അറിയിച്ചു. പുതിയ തീരുമാനത്തിൽ സർക്കാർ കൂടുതൽ വ്യക്തത നല്കണമെന്നും തൊഴിലാളികൾക്ക് അമിത പാർക്കിംഗ് നിരക്കുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് അവർ അഭിപ്രായപ്പെട്ടു.
Leave a Reply