ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (NMC) ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതോടെ കെയർ അസിസ്റ്റന്റുകൾക്ക് നേഴ്സായി രജിസ്റ്റർ ചെയ്യാൻ ഇനി എളുപ്പത്തിൽ കഴിയും. സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയിട്ട് അഞ്ച് വർഷം ആകുന്നു. യുകെയിൽ എത്തി സീനിയർ കെയററായി പതിമൂന്ന് വർഷമായി ജോലി ചെയ്യുന്ന മലയാളിയായ ജൂബി റെജി ഇത്തരത്തിൽ നേഴ്സായി രജിസ്റ്റർ ചെയ്ത വാർത്ത ഇപ്പോൾ പുറത്ത് വന്നു. പുതുക്കിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ വഴി പിൻ നമ്പർ ലഭിക്കുന്ന ആദ്യത്തെ കെയർ അസിസ്റ്റന്റാണ് ജൂബി.

2023 ഫെബ്രുവരി 8 മുതൽ, എൻഎംസി ടെസ്റ്റ് സ്‌കോറുകൾ വിലയിരുത്തുന്നതിനുള്ള കാലയളവ് ആറ് മുതൽ പന്ത്രണ്ട് മാസം വരെ നീട്ടിയിരുന്നു. തുടർച്ചയായി പരിശ്രമിച്ചെങ്കിലും ഐഇഎൽടിഎസ്, ഒഇടി ജയിക്കാൻ കഴിയാതിരുന്ന ജൂബി ഒടുവിൽ നേഴ്സ് ആയി മാറിയിരിക്കുകയാണ്. പതിമൂന്ന് വർഷത്തെ അനുഭവപരിചയം നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു എന്നാണ് ജൂബി പറയുന്നത്. നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഇപ്പോൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ നേഴ്സായി ജോലി തുടരാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ് ജൂബി. ഭർത്താവ് റെജി ഫിലിപ്പ് കട്ടപ്പന സ്വദേശിയുമാണ്. അന്തരേസ റെജി, അനിത റെജി എന്നിവരാണ് മക്കൾ. ട്രെന്റിലെ സ്റ്റോക്കിലാണ് ഇവർ താമസിക്കുന്നത്.

No photo description available.

“2018ൽ കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേഴ്‌സിംഗിൽ 2 വർഷത്തെ ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കിയതിനു ശേഷമാണ് ഞാൻ എൻ എം സിയ്ക്ക് അപേക്ഷ സമർപ്പിച്ചത്. 2019 ലാണ് അപേക്ഷയിൽ അന്തിമ തീരുമാനം ഉണ്ടായത്” -ജൂബി പറഞ്ഞു. പതിമൂന്ന് വർഷത്തിന് ശേഷം, ഈ സ്വപ്നം യാഥാർത്യമാക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ ജൂബി, കൂടുതൽ മലയാളികൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.