ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ സ്ഥിരതാമസാവകാശം (ILR) സംബന്ധിച്ച സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ മലയാളികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ് . നിലവിൽ അഞ്ചു വർഷം കഴിയുമ്പോൾ പല വിസാ റൂട്ടുകളിൽ ILR ലഭ്യമാണെങ്കിലും സർക്കാർ ഇത് പത്ത് വർഷമാക്കി ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനകം യുകെയിൽ നിയമപരമായി കഴിയുന്നവർക്ക് പഴയ വ്യവസ്ഥകൾ തുടർന്നേക്കാമെന്നതിനാൽ എല്ലാവരും 10 വർഷം കാത്തിരിക്കണമെന്ന ആശങ്ക വേണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പഴയ നിയമപ്രകാരമുള്ള “ലോങ് റെസിഡൻസ്” വഴി ILR നേടാൻ 10 വർഷം പൂർത്തിയാക്കണം എന്ന വ്യവസ്ഥ തുടർന്നും നിലവിലുണ്ടാകും. എന്നാൽ സർക്കാർ 2024 ഏപ്രിൽ മുതൽ പുതിയൊരു നിയന്ത്രണവും കൊണ്ടുവന്നു. അതനുസരിച്ച്, അപേക്ഷകൻ ഓരോ പന്ത്രണ്ട് മാസ കാലയളവിലും പരമാവധി 180 ദിവസം മാത്രമേ യുകെയ്ക്ക് പുറത്തു താമസിക്കാവൂ. അതിന് മുമ്പ്, ഒരു പ്രാവശ്യം 184 ദിവസം വരെ വിദേശത്തിരുന്നാലും, മൊത്തം 548 ദിവസം വരെയുള്ള അഭാവം അനുവദിച്ചിരുന്നു. പുതിയ നിയമം വന്നതോടെ പുറത്ത് ചെലവഴിക്കുന്ന ദിവസങ്ങൾക്കുള്ള നിയന്ത്രണം കൂടുതൽ കർശനമായി. എന്നാൽ നിലവിൽ ജോലിക്കായും ഡിപെൻഡന്റ് വിസയിലും പഠനത്തിനായും യുകെയിൽ എത്തിയ മലയാളികൾ ഈ സാഹചര്യത്തിലൂടെ കടന്ന് പോകുന്നവർ കുറവാണ്.
പുതിയ നിർദേശങ്ങൾ നിയമമായി മാറുമോ നിലവിലെ അപേക്ഷകരെ ബാധിക്കുമോ എന്ന കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല . നിലവിൽ യുകെയിൽ കഴിയുന്നവർക്ക് സ്ഥിരതാമസാവകാശം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികൾക്ക് അവരുടെ വിസാ റൂട്ടുകളും അപേക്ഷ തീയതികളും അനുസരിച്ച് അന്തിമ തീരുമാനം ബാധകമായിരിക്കും. പക്ഷേ കുടിയേറ്റ നയത്തിൽ കടുംപിടുത്തം പിടിക്കുന്ന റീഫോം യുകെ പോലുള്ള പ്രതിപക്ഷ പാർട്ടികളുടെ ജനപ്രീതി കണ്ടു പകച്ചിരിക്കുകയാണ് ലേബർ പാർട്ടി. 2024 മെയ് മാസത്തിന് മുമ്പു വന്നവരെ ബാധിക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply