ടോം ജോസ് തടിയംപാട്

ചീട്ടുകളി സംഘത്തില്‍ വച്ച് ഒരു മലയാളി ഡോക്ടറെ പരിചയപ്പെട്ടു. ഡോ. ജോര്‍ജ് മാത്യു കുരീക്കാട്ട്. ഇടുപ്പെല്ല് (Hip)മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ യു.കെ.യിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാള്‍, പഠിച്ചിരുന്ന കാലത്ത് നാട്ടില്‍ റാങ്കുകള്‍ വാരിക്കൂട്ടിയ അദ്ദേഹം യു.കെ.യിലെ മികച്ച സേവനത്തിന് ചാള്‍സ് രാജകുമാരനില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ ആടയാഭരണങ്ങളൊന്നും ചാര്‍ത്താതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ടോര്‍ക്കെയിലെ മലയാളികള്‍ക്കൊപ്പമിരുന്ന് അദ്ദേഹം ചീട്ടുകളിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. പാഴ്ചീട്ട്‌വെച്ചോണ്ട് തുറുപ്പിട്ട് വെട്ടിയാല്‍ ഇയാള്‍ നാട്ടുഭാഷയില്‍ തെറിപറയും,ഒപ്പമുള്ളവര്‍ കളി ശ്രദ്ധിക്കാതെ ചീട്ട് വലിച്ച് വാരി ഇട്ടാലും ഡോക്ടമാരുടെ ജാഡയില്ലാതെ അദ്ദേഹം തനി നാടനാകും . എന്നാല്‍ ഓപ്പറേഷന്‍ ടേബിളില്‍ എത്തിയാല്‍ ഈ മനുഷ്യന്‍ നമ്മുടെ നാടിന് തന്നെ അഭിമാനാകുന്ന ഭിഷഗ്വരനാണ്‌ അതു തിരിച്ചറിഞ്ഞാണ് ചാള്‍സ് രാജകുമാരന്‍ അവാര്‍ഡ് നല്‍കിയത്.

സെന്റ് തോമസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി 2016 ൽ ടോര്‍കെയിലെ 30 ഓളം വരുന്ന മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പാട്ടുകരോട് ഒപ്പം മകനെയുംകൂട്ടി നൃത്തചുവടുകള്‍ വയ്ക്കുന്നതിടയിലാണ് അദ്ദേഹത്തെ പിന്നീട് കണ്ടത്. അടുത്ത് ചെന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചു. എന്തിന് എന്നായിരുന്നു പ്രതികരണം. ഇതിനിടെ ഞങ്ങളുടെ ബന്ധു സണ്ണിഫിലിപ്പ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. പിന്നെ ഫോട്ടോയെടുത്തു.
ലോകമലയാളി സമൂഹത്തിനു തന്നെ അഭിമാനമാണ് ഡോക്ടര്‍ ജോര്‍ജ് മാത്യു കുരീക്കാട്ട്. തന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി ഒരു അംഗീകാരത്തിനും വേണ്ടി അദ്ദേഹം നടക്കാറില്ല. മാത്രമല്ല അത് പറയാന്‍ പോലും അദ്ദേഹം വലിയ തല്‍പ്പര്യം കാണിക്കാറില്ല.

എന്‍.എച്ച്എസ്. ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജോര്‍ജ് യു കെ യിലെ ടോര്‍കേയിലെ ആദ്യമലയാളി കുടിയേറ്റക്കാരനാണ്. പിന്നിട് നഴ്‌സിംഗ് ജോലിയുമായി അവിടെ എത്തിയ മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായിയും വഴികാട്ടിയുമായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അതൊക്കെ അദ്ദേഹത്തെ കൂടുതല്‍ വിനീതനാക്കുകയാണ് ചെയ്തത്.

പഠിക്കുന്ന കാലത്ത് റാങ്കുകളുടെ തിളക്കവുമായാണ് ഡോക്ടര്‍ ജോര്‍ജ് തന്‍റെ വിജയഗാഥക്ക് തുടക്കമിട്ടത്. 1972 ല്‍എറണാകുളം സൈന്റ്‌റ് ആഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സിക്ക് ആറാം റാങ്ക് നേടികൊണ്ട് തുടക്കം. 1974ല്‍ പ്രീഡിഗ്രിക്ക് ഒന്നാം റാങ്ക് ഏറണാകുളം സൈന്റ്‌റ് അല്‍ബെര്‍ട്ട് കോളേജില്‍ നിന്നും കരസ്ഥമാക്കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍നിന്നും മികച്ച വിജയത്തോടെ എം.ബി.ബി.എസ്. പാസ്സായി. അതിനു ശേഷം എറണാകുളം ലിസ്സി ഹോസ്പിറ്റല്‍, വേല്ലൂര്‍ സി.എം.സി. ഹോസ്പിറ്റല്‍, എം.എ.ജെ. ഹോസ്പിറ്റല്‍ എറണാകുളം, എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1989 ല്‍ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡി. പാസായി അവിടെ തന്നെ അസ്സിസ്‌റ്റെന്റ്‌റ് പ്രോഫസറായി.

മണിപ്പാലില്‍ ജോലി ചെയ്തിരുന്ന സമയത്ത് മെഡിക്കല്‍ ടെക്സ്റ്റ് എന്ന ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു , അത് വിറ്റഴിഞ്ഞത് 35000 കോപ്പിയായിരുന്നു ആ പുസ്തകം പിന്നിട് ഇംഗ്ലണ്ടിലും പ്രസിദ്ധീകരിച്ചു. ഇതിനു ഇന്ത്യയില്‍ നിന്ന് മാത്രം ഡോക്ടര്‍ ജോര്‍ജിനു കിട്ടിയ റോയലിറ്റി പതിമൂന്നര ലക്ഷം രൂപയായിരുന്നു .

1995 ല്‍ യു.കെ. യില്‍ എത്തിയ ഡോക്ടര്‍ ജോര്‍ജ്, സ്റ്റിവനെജ്, കെന്‍ഡല്‍,ഗ്ലാസ്‌കോ , എന്നിവിടങ്ങളില്‍ ജോലിചെയ്തതിനു ശേഷമാണു 1999 ല്‍   ടോര്‍കേയിലെ ടോര്‍ബെ ജനറല്‍ ഹോസ്പിറ്റലില്‍ ഓര്‍ത്തോജീറിയാട്രിക് ഡോക്ടര്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട് വളരെ പെട്ടെന്ന് തന്നെ അസോസിയേറ്റു സ്‌പേഷിലിസ്റ്റായി പ്രമോഷന്‍ ലഭിച്ചു 1999 ല്‍ ഈ പ്രവേശനം ലഭിക്കുമ്പോള്‍ യു.കെ. യില്‍ ആകെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമേ ഓര്‍ത്തോ ജീറിട്രിയാഷ്യന്‍മാരായി ഉണ്ടായിരുന്നുള്ളൂ എന്നത് അറിയുമ്പോഴാണ് ഡോക്ടര്‍ ജോര്‍ജിന്‍റെ പ്രസക്തി നാം തിരിച്ചറിയുന്നത് .

  ബ്രിട്ടനിൽ രണ്ടു പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് യാത്ര നിയന്ത്രണങ്ങളിൽ ഇളവ് നൽകും

വളരെ പ്രായം ചെന്ന ആളുകളുടെ ഒടിഞ്ഞ ഹിപ് (hip)ഓപറേഷന്‍ ചെയ്തു അവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഡോക്ടര്‍ ജോര്‍ജ് നടത്തിയ മുന്നേറ്റം യു.കെ. യിലെ എന്‍.എച്ച്.എസിന്റെ ആകമാനം ശ്രദ്ധയാകര്‍ഷിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് 101 വയസുകഴിഞ്ഞ എമിലി എന്ന സ്ത്രീയുടെ ഹിപ് ഓപ്പറേഷന്‍ ആയിരുന്നു ആദൃമായിട്ടയിരുന്നു ഇത്രയും പ്രായം ചെന്ന ഒരാളുടെ ഹിപ് ഓപ്പറേഷന്‍ യു.കെ. യില്‍ നടക്കുന്നത് അതിനു ശേഷം എന്‍.എച്ച്.എസി ന്റെ പ്രൊഫസര്‍ ഇയാന്‍ ഫിലിപ്പ് ഡോക്ടര്‍ ജോര്‍ജിനെ സന്ദര്‍ശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ ആ വര്‍ഷത്തെ സോഷ്യല്‍ കെയര്‍ അവാര്‍ഡിനു തിരഞ്ഞെടുക്കുകയും 2002ല്‍ ലണ്ടനില്‍ വച്ച് പ്രിന്‍സ് ചാള്‍സ് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു ..

ഡോക്ടര്‍ ജോര്‍ജിനു വേറെയും ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് 2001 ല്‍. എന്‍.എച്ച്.എസിന്റെ ബെസ്റ്റ് സ്റ്റാഫ് അവാര്‍ഡ് ലഭിച്ചു,ഇതു യു.കെയില്‍ ഒരുവര്‍ഷം ഒരാളെമാത്രം തിരഞ്ഞെടുക്കുന്ന അവാര്‍ഡാണ് അതുകൊണ്ട് തന്നെ യു.കെ യിലും യുറോപ്പിലും വിവിധ സ്ഥലങ്ങളിലും അദേഹം നേടിയ അറിവുകള്‍ പകര്‍ന്നു നല്കാന്‍ എന്‍.എച്ച്.എസ്. അദ്ദേഹത്തെ അയച്ചു ഇതെല്ലാം വളരെ കുറച്ചു മലയാളികള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള അംഗികാരമാണ് .
ടോര്‍കേയിലെ അദ്ദേഹത്തിന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരോട് ഡോക്ടര്‍ ജോര്‍ജിനെ പറ്റി ചോദിച്ചപ്പോള്‍ അവധിയാണങ്കില്‍ കൂടി ഞായറാഴ്ചകളില്‍ പോലും അദ്ദേഹം ജോലി ചെയ്യാന്‍ മടി കാണിക്കാറില്ല എന്നാണ് അവര്‍ പറഞ്ഞത്.

ഡോക്ടര്‍ ജനിച്ചത് ഒരു കര്‍ഷക കുടുംബത്തിലാണ്. കൃഷിയിടങ്ങളിലും പൂന്തോട്ടത്തിലുമായാണ് ഒഴിവുസമയങ്ങള്‍ ചിലവഴിക്കുന്നത്. ചൂണ്ടയിടലിനും സമയം കണ്ടെത്തുന്നു . അദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഉണ്ട് ഭാര്യ എലിസബത്ത് ജോര്‍ജ് പാലായിലെ ഒരു പഴയ സാഹിത്യകാരന്‍ ജെ.കെ.വിയുടെ സഹോദരപുത്രിയാണ്. മകന്‍ മാത്യു ജോര്‍ജ് കീരികാട്ട് പഠിക്കുന്നു .
എന്തുകൊണ്ടാണ് ഇങ്ങനെ വെറും ഒരു സാധരണക്കാരനെ പോലെ ആളുകളുടെ ഇടയില്‍ ജീവിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ അദേഹം തിരിച്ചു ചോദിച്ചു ഞാന്‍ വലിയ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ ഒരു കടയില്‍ ചെന്നാല്‍ എനിക്ക് സാധനം വില കൂട്ടിയോ കുറച്ചോ തരുമോ എന്നായിരുന്നു ? ഇവിടെ എല്ലാവരും ഒരുപോലെയാണ്. പിന്നെ ഒരു സാധരണക്കാരനായി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു അത്ര തന്നെ .ഡോക്ടർ ജോർജ് ഇപ്പോൾ റിട്ടയർമെന്റിനു ശേഷം വിശ്രമജീവിതം നയിക്കുകയാണ് കൊറോണ കാലത്തു അദ്ദേഹം ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നു .

മലയാളികള്‍ പൊതുവേ മറ്റുള്ളവരുടെ നന്മകാണാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കുറവുകള്‍ കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇംഗ്ലീഷുകാര്‍ തിരിച്ചാണ് അത്തരം സംസ്‌കാരമാണ് നമ്മളും നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളിസമൂഹം പൊതുവേ ജന്മിത്വ പ്രേതങ്ങളെ എന്നും മനസ്സില്‍ താലോലിക്കുന്ന സ്വപ്നജീവികള്‍ മാത്രമാണ് എന്നു സക്കറിയയെ പോലെ ആ ജന്മിത്വ ഭാണ്ഡം ഊരി താഴെവച്ച പലചിന്തകരും പറഞ്ഞിട്ടുണ്ട് ,ഈ ജന്മിത്വ സ്വഭാവം ഏറ്റവും കൂടുതല്‍ സാധാരണ മനുഷൃര്‍ അനുഭവിച്ചറിയുന്നത് രണ്ടു പ്രധാന ജനാധിപത്യസ്ഥാപനങ്ങളിലൂടെയാണ് ., കേരളത്തിലെ ആശുപത്രികളും പോലീസ് സ്റ്റേഷനുകളുമാണ് ഇവ രണ്ടും ഈ രണ്ടു സ്ഥാപനങ്ങളിലും അശ്രയത്തിനുവേണ്ടി സമീപിക്കുന്നവര്‍ക്ക് അവഗണനയുടെ കൈപ്പുനീരാണ് പലപ്പോഴും ലഭിക്കുന്നത് . ഡോക്ടര്‍ രോഗിയെ കാണുന്നത് ജന്മി കുടിയാനെ കാണുന്നതുപോലെയാണ് , അത്തരം ആളുകളുടെ ഇടയില്‍ ഡോക്ടര്‍ ജോര്‍ജ് മാത്യുവിനെപോലെയുള്ളവര്‍ സാധാരണക്കാര്‍ക്ക് പ്രതീക്ഷയുടെ സൂര്യതേജസോടെയാണ് നില്‍ക്കുന്നത് എന്നു പറയാതിരിക്കാന്‍ കഴിയില്ല.