ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസവാർത്ത. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും, വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റും ഇനി ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യാത്രക്കാരോട് ഈ രേഖകൾ ഒന്നും തന്നെ ആവശ്യപ്പെടാത്തതിനെ തുടർന്നാണ് നിർണായക വിവരം പുറത്തുവന്നത്.

അതേസമയം, എയർപോർട്ടിനുള്ളിൽ ക്രമീകരിച്ചിരിക്കുന്ന നിർദേശങ്ങൾ യാത്രക്കാരെല്ലാം നിർബന്ധമായും പാലിക്കാൻ അധികൃതരോട് സഹകരിക്കണമെന്നാണ് നവംബർ 24 ന് പുറത്തുവന്നു ഔദ്യോദിക വിശദീകരണം. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് സർട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് പറയുമ്പോഴും, യാത്രയ്ക്കിടയിലോ എത്തിച്ചേരുമ്പോഴോ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.

ഇന്ത്യയുടെ പ്രവേശന നിബന്ധനകൾക്ക് പ്രഖ്യാപനത്തിൽ ഇളവുകളൊന്നുമില്ല. യാത്ര ചെയ്യുന്നതിന് മുമ്പ് കൈവശം പാസ്‌പോർട്ടും യാത്രാ രേഖകളും ഉണ്ടെന്ന് നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണം. 2016 ൽ, ഒസിഐ കാർഡുകാർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ലെന്ന് ഇന്ത്യൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരം കാർഡുകളിൽ മുൻപ് യൂ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. എന്നാൽ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇനി മുതൽ സ്റ്റിക്കറിന്റെയും ആവശ്യമില്ല. പകരം പാസ്സ്പോർട്ടും ഒസിഐ കാർഡും ഹാജരാക്കിയാൽ മതി.

അതേസമയം മെഷീൻ റീഡബിൾ അല്ലാത്ത പാസ്‌പോർട്ടുമായി ഇന്ത്യൻ തുറമുഖത്ത് എത്തുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വ്യക്തമാക്കി . അതുപോലെ നോൺ-മെഷീൻ റീഡബിൾ പാസ്‌പോർട്ടുകൾ കൈവശം വച്ചുകൊണ്ട് വിദേശ യാത്രക്കാരെ കൊണ്ടുപോകുന്ന കാരിയറുകളിൽ നിന്ന് പിഴ ഈടാക്കും.