ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പങ്കാളികളായ രണ്ടായിരത്തോളം പേരിൽ നടത്തിയ സർവ്വേയിൽ, പകുതിയോളം പേർ മറ്റൊരു മുറിയിലാണ് ഉറങ്ങുന്നതെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തിയിരിക്കുകയാണ്. പങ്കാളികളുടെ കൂർക്കംവലി, രാത്രിയിൽ നിരന്തരമായ ഉണർന്നുള്ള ശല്യം ചെയ്യൽ മുതലായവ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ ഇത്തരത്തിൽ വെവ്വേറെയുള്ള ഉറക്കം സ്ഥിരമായ രീതിയാണെന്ന് 15 ശതമാനം പേർ സമ്മതിച്ചപ്പോൾ, 9 ശതമാനം പേർ ആഴ്ചയിൽ രണ്ടുദിവസം എങ്കിലും ഈ രീതി പിന്തുടരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

പങ്കാളിയുടെ കൂർക്കം വലി ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് 71 ശതമാനം പേർ വെളിപ്പെടുത്തി. എന്നാൽ രാത്രിയിൽ നിരന്തരമായി ഉണർന്നുള്ള ശല്യം ചെയ്യൽ മൂലം ആണെന്ന് 30 ശതമാനം പേരും, മറ്റുതരത്തിലുള്ള ചെറിയ രീതിയിലുള്ള ശല്യപ്പെടുത്തൽ മൂലം ആണെന്ന് 35 ശതമാനം പേരും സർവ്വേയിൽ കാരണം വ്യക്തമാക്കി. 54 ശതമാനം പേരും പങ്കാളികളിലൊരാൾ ഉറങ്ങുന്ന സമയത്ത് നിന്ന് വ്യത്യസ്ത സമയത്താണ് ഉറങ്ങാൻ കിടക്കുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്.

ഗാലക്സി വാച്ച് 6 ന്റെ നിർമ്മാതാക്കളായ സാംസങ് കമ്പനി നിയോഗിച്ച പഠനത്തിലാണ് ഇത്തരത്തിൽ ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദമ്പതികളെ അവരുടെ ഉറക്ക ശീലങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി വിദഗ്ധനായ ഡോ. ജൂലി സ്മിത്തും ഇലക്ട്രോണിക്സ് ബ്രാൻഡുമായി ചേർന്നു ഈ സർവേയിൽ പ്രവർത്തിച്ചു. 76 ശതമാനം പേരും ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളൊന്നും പരീക്ഷിച്ചിട്ടില്ലെങ്കിലും 29 ശതമാനം പേർ ട്രാക്കിംഗ് അല്ലെങ്കിൽ സ്ലീപ്പ് കോച്ചിംഗ് ഉപകരണം പോലെയുള്ള എന്തെങ്കിലും പരീക്ഷിക്കാൻ തയ്യാറാണെന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.