സ്വന്തം ലേഖകൻ
പി പി ഇ ഗൈഡൻസ് നൽകുന്നതിൽ എൻഎച്ച്എസ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്ന് ഡോക്ടർ ദമ്പതിമാർ പറഞ്ഞു, ഇവർ ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളോ മതിയായ സന്നാഹങ്ങളോ ഇല്ലാതെ ആരോഗ്യ പ്രവർത്തകരെ കോവിഡ് മരണത്തിലേക്ക് തള്ളിവിടുന്നു എന്ന് ആരോപിച്ച് ഇരുവരും ഗവൺമെന്റ്നെതിരെ നിയമനടപടികളുമായി മുന്നോട്ട്. ഡോ മീനാൽ വിസ്, ഡോ നിഷാന്ത് ജോഷി എന്നിവരാണ് ലോകാരോഗ്യ സംഘടന നിർദേശിച്ച പ്രകാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേസ് നൽകിയത്. ഡോക്ടർ വിസ് ക്ലിനിക്കൽ ജോലിചെയ്യുമ്പോൾ, ഡോക്ടർ ജോഷി ജിപി ട്രെയിനി ആണ്. ഇരുവരും രണ്ട് ആശുപത്രികളിലായി എൻ എച്ച് എസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട്.
കഴിഞ്ഞ ആഴ്ച സുരക്ഷാ ഗൗണുകൾ ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ ഡോക്ടർമാരോട് എൻഎച്ച്എസ് ആവശ്യപ്പെട്ടിരുന്നു. സപ്ലൈകൾ തീർന്ന് മണിക്കൂറുകൾക്ക് ശേഷവും ഡോക്ടർമാർക്ക് ചികിത്സ ഉപകരണങ്ങൾ ഇല്ലാതെ രോഗികളെ സന്ദർശിക്കേണ്ടി വന്നു. ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റി എത്നിക് ഗ്രൂപ്പുകാരെ ആണ് രോഗം കൂടുതലായി ബാധിക്കുക എന്ന് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ, കോവിഡ് ബാധിച്ചു മരണപ്പെട്ട ആദ്യ പത്ത് ഡോക്ടർമാരും ഇങ്ങനെയുള്ളവരാണ്. ദമ്പതിമാർ പറയുന്നു” ഞങ്ങൾ ഡോക്ടർമാരാണ്, നഴ്സുമാരാണ്, ആരോഗ്യ പ്രവർത്തകരാണ്, അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ കടമ, നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ ഉണ്ടാകും, എന്നാൽ ഗവൺമെന്റ് ഞങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ, നിങ്ങളെ ഞങ്ങൾ എങ്ങനെ സംരക്ഷിക്കും?
ലണ്ടനിലെ അഭിഭാഷകനായ ബസ്മാഹ് സാഹിബ് ഇരുവർക്കും വേണ്ടി ഇംഗ്ലണ്ടിന്റെ പൊതുജനാരോഗ്യ വകുപ്പിനും, സാമൂഹ്യ വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി ലഭിക്കണമെന്ന് നോട്ടീസിൽ പറയുന്നു.
ഏപ്രിൽ 17 മുതൽ സുരക്ഷാ ഗൗണുകളുടെ അഭാവത്തിൽ ആരോഗ്യപ്രവർത്തകർ പ്ലാസ്റ്റിക് ഏപ്രൺ ധരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രോഗികളുടെ അടുത്തേക്ക് ചെല്ലുന്നത് മരണ മുഖത്തേയ്ക്ക് നടക്കുന്നതിനു തുല്യമാണ്. മാത്രമല്ല എൻ എച്ച് എസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വ്യക്തമല്ല. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് യുകെയിൽ കാര്യങ്ങൾ നടക്കുന്നത്.
നമുക്കൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും, നാം തന്നെ അവർക്ക് ഉറക്കമരുന്നുകളും വെന്റിലേറ്ററും നൽകുന്നതും അത്ര എളുപ്പമല്ല, മുന്നിൽ കിടക്കുന്ന കട്ടിലിൽ സ്വന്തം മുഖമാണ് പ്രതിഫലിച്ചു കാണാൻ സാധിക്കുക. ഓരോ തവണ ഓരോ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴും സുഹൃത്തുക്കളും കുടുംബവുമെല്ലാം ഭീതിയോടെയാണ് നമ്മളെ നോക്കുന്നത്. ജീവൻ സംരക്ഷണ ഉപകരണങ്ങൾ തീർന്നെങ്കിൽ, എന്തുകൊണ്ടാണ് നിർമാതാക്കളോട് കൂടുതൽ ആവശ്യപ്പെടാത്തതെന്നും അവർ ചോദിക്കുന്നു. ഐസിയുവിൽ പ്രവേശിക്കുന്ന ഡോക്ടർമാർക്ക് മാത്രം സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുണ്ടാവാം എന്നാൽ അതുമാത്രം പോരാ പ്രസവവാർഡ്, ശിശുരോഗ വിഭാഗം തുടങ്ങിയവയെല്ലാം അങ്ങേയറ്റം റിസ്ക് നിറഞ്ഞ സ്ഥലങ്ങളാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അടിയന്തിരനടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു.
Leave a Reply