ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഞ്ച് ദിവസത്തെ സമരം ആരംഭിച്ചു . വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച സമരം 2023 മാർച്ചിനു ശേഷമുള്ള പതിമൂന്നാമത്തേതാണ്. സമരം തുടരുകയാണെങ്കിൽ എൻഎച്ച്എസിന് ജീവനക്കാരെ കുറയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യസ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈയിലെ സമരം എൻഎച്ച്എസിന് 300 മില്യൺ പൗണ്ട് അധിക ചിലവ് വരുത്തിയതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് .

ദീർഘമായ കാത്തിരിപ്പു പട്ടിക കുറയ്ക്കാനുള്ള ശ്രമങ്ങൾക്കും സമരം തിരിച്ചടി സൃഷ്ടിക്കുന്നതായി എൻഎച്ച്എസ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ സമരം നടന്നപ്പോൾ 54,000-ത്തിലധികം പരിശോധനകളും നിയമനങ്ങളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. ഇതോടെ രോഗികൾക്ക് ചികിത്സ കിട്ടാൻ കൂടുതൽ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഫ്ലൂ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഈ സമരങ്ങൾ ശീതകാലത്ത് ആരോഗ്യ സേവനങ്ങൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ശമ്പള വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആരോഗ്യ സെക്രട്ടറി വെസ് സ്‌ട്രൈറ്റിങ് ആവർത്തിച്ചു. മൂന്ന് വർഷത്തിനിടെ ഡോക്ടർമാർക്ക് ഏകദേശം 30% വർധന ലഭിച്ചു എന്നതാണ് സർക്കാർ വാദം. എന്നാൽ യഥാർത്ഥ വരുമാന നഷ്ടം പരിഹരിക്കാൻ 26% വർധന വേണമെന്ന് ബിഎംഎ ആവർത്തിക്കുന്നു. അതേസമയം, അടിയന്തിര സേവനങ്ങൾക്ക് ബാധ്യതയുണ്ടാകുന്നില്ലെങ്കിൽ സമരത്തിൽ നിന്നു ഡോക്ടർമാർ പിന്മാറില്ലെന്ന നിലപാടും സംഘടന വ്യക്തമാക്കി. എൻഎച്ച്എസിൻ്റെ മുൻകൂട്ടിയുള്ള അറിയിപ്പ് രോഗികൾക്ക് ലഭിച്ചില്ലെങ്കിൽ നിശ്ചയിച്ചിരിക്കുന്ന ചികിത്സക്ക് ഹാജരാകണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.











Leave a Reply