ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാലു മണിക്കൂര്‍ ടാര്‍ജറ്റ് എടുത്തു കളയാനുള്ള എന്‍എച്ച്എസ് നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍. എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് ടാര്‍ജറ്റ് ഏര്‍പ്പെടുത്തിയത്. ഇത് എടുത്തു കളയുന്നത് രോഗികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ സംഘടനയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രതികരിച്ചു. എന്‍എച്ച്എസിലുള്ള കുഴപ്പങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇതെന്നും സംഘടന വ്യക്തമാക്കി. എ ആന്‍ഡ് ഇകളില്‍ ചികിത്സ കാത്ത് രോഗികള്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന പഴയ കാലം ഈ ടാര്‍ജറ്റ് എടുത്തു കളയുന്നതിലൂടെ തിരിച്ചുവരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇപ്പോള്‍ത്തന്നെ മതിയായ പരിചരണം നല്‍കാന്‍ കഴിയാതെ പരിതാപാവസ്ഥയില്‍ നീങ്ങുന്ന എ ആന്‍ഡ് ഇകളില്‍നിന്ന് നാലു മണിക്കൂര്‍ ടാര്‍ജറ്റ് കൂടി എടുത്തു കളയുന്നതോടെ രോഗികളുടെ സുരക്ഷ ദുരന്തമായി മാറാനിടയുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്‍എച്ച്എസിന്റെ പദ്ധതി. ഹെല്‍ത്ത് സര്‍വീസിലെ കുഴപ്പങ്ങള്‍ മൂടിവെക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്കു മേലുള്ള അതിക്രമം എന്നാണ് റോയല്‍ കോളേജ് ലേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡെറക് പ്രെന്റിസ് പ്രതികരിച്ചത്. വര്‍ഷങ്ങളായി നാലു മണിക്കൂര്‍ ടാര്‍ജറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നശിപ്പിക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ശ്രമിക്കുന്നതെന്നും പ്രെന്റിസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയോ അഡമിറ്റ് ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ വേണമെന്നാണ് എന്‍എച്ച്എസ് ഭരണഘടന പറയുന്നത്. ഈ ടാര്‍ജറ്റ് നേടാന്‍ എ ആന്‍ഡ് ഇകള്‍ക്ക് സാധിക്കാന്‍ കഴിയാത്തതില്‍ മന്ത്രിമാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ടാര്‍ജറ്റില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്റ്റീവന്‍സ് എംപിമാരെ അറിയിച്ചിരുന്നു. സെപ്‌സിസ്, ഹൃദയ രോഗങ്ങള്‍ എന്നിവയുമായെത്തുന്നവര്‍ക്ക് അടിയന്തര ചികിത്സയും താരതമ്യേന ചെറിയ രോഗങ്ങളുമായി എത്തുന്നവര്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന വിധത്തിലാണ് പുതിയ രീതിയെന്നാണ് സൂചന.