ലണ്ടന്‍: ചികിത്സ തേടിയെത്തുന്നവരുടെ ലൈംഗിക താല്‍പര്യങ്ങളും ഇനി മുതല്‍ ജിപിമാര്‍ ചോദിച്ചറിയും. രോഗികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യങ്ങളില്‍ അവരുടെ ലൈംഗികതയേക്കുറിച്ചുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് എന്‍എച്ച്എസിന്റെ പുതിയ തീരുമാനം. 16 വയസിനു മുകളില്‍ പ്രായമുള്ള രോഗികളോട് തങ്ങള്‍ സ്വവര്‍ഗ പ്രേമികളാണോ, ബൈസെക്ഷ്വല്‍ ആണോ, ഹെറ്ററോ സെക്ഷ്വല്‍ ആണോ എന്ന് ചോദിച്ചറിയാനും അവ രേഖപ്പെടുത്താനുമാണ് നിര്‍ദേശം.

2019 മുതല്‍ ഇത് നടപ്പാക്കും. ഫാമിലി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് രേഖപ്പെടുത്തുന്നതിനുള്ള അധികാരമുണ്ടായിരിക്കും. മുഖാമുഖം നടത്തുന്ന കണ്‍സള്‍ട്ടേഷനില്‍ രോഗികള്‍ വെളിപ്പെടുത്തുന്ന ഈ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് എന്‍എച്ച്എസ് നിര്‍ദേശം പറയുന്നത്. സാധാരണ ലൈംഗികത പുലര്‍ത്തുന്നവരെ അപേക്ഷിച്ച് ഭിന്നതാല്‍പര്യങ്ങള്‍ ഉള്ളവരെ ശരിയായ വിധത്തില്‍ പരിഗണിക്കുന്നതിനായാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഭിന്ന ലൈംഗികതയുള്ളവരെയും മറ്റുള്ളവര്‍ക്ക് സമാനമായി കാണാന്‍ ഈ വിവരശേഖരണം സഹായിക്കും.

എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് രോഗികള്‍ നിര്‍ബന്ധിതമായി മറുപടി നല്‍കേണ്ടതില്ല. ഇത്തരം ചോദ്യങ്ങള്‍ രോഗികളോട് ചോദിക്കണോ എന്നത് ട്രസ്റ്റുകള്‍ക്ക് തീരുമാനിക്കുകയുമാകാം. സാമൂഹിക പരിരക്ഷയോട് ഉത്തരവാദിത്തമുള്ള ആരോഗ്യ സേവന വിഭാഗങ്ങളും ലോക്കല്‍ അതോറിറ്റികളും ഇത്തരം ഒരു വിവരശേഖരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. രോഗികള്‍ ആരും ഭിന്ന താല്‍പര്യങ്ങളുടെ പേരില്‍ വിവേചനത്തിന് ഇരയാകാതിരിക്കാന്‍ ഇക്വാലിറ്റി ആക്ട് അനുസരിച്ച് ഈ വിവരശേഖരണം ഉറപ്പാക്കേണ്ടതുണ്ടെന്നും എന്‍എച്ച്എസ് വ്യക്തമാക്കുന്നു.