എന്‍എച്ച്എസ് അനുഭവിക്കുന്ന രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി കണക്കിലെടുക്കാതെ കടുത്ത നടപടികളുമായി ഹോം ഓഫീസ്. എന്‍എച്ച്എസ് നോണ്‍ യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പലരുടെയും വിസ കാലാവധി നീട്ടാന്‍ ഹോം ഓഫീസ് തയ്യാറാകുന്നില്ല. വിസ കാലാവധി അവസാനിച്ചവര്‍ യുകെ വിടണമെന്നാണ് പുതിയ നിര്‍ദേശം. പിജി പഠനം ഉപേക്ഷിച്ച് ജിപി ട്രെയിനിംഗ് കോഴ്‌സില്‍ ചേര്‍ന്ന ഇന്ത്യക്കാരനായ ഡോക്ടര്‍ തനിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നിര്‍ദേശം ലഭിച്ചതായി അറിയിച്ചുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാരുടെ ക്യാപ് എത്തിയതിനാല്‍ സ്‌പോണ്‍സര്‍ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇദ്ദേഹം അറിയിച്ചത്.
സ്റ്റുഡന്റ് വിസ അവസാനിച്ചതിനാല്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പഠനത്തിലേക്കും തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തന്റെ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി ഡോക്ടര്‍മാര്‍ യുകെയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ടയര്‍ 2 വിസ പുതുക്കി ലഭിക്കാത്തതിനാല്‍ അഞ്ചു വര്‍ഷത്തെ ജിപി ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ മറ്റൊരു ഡോക്ടറോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹോം ഓഫീസ്. രണ്ടു കുട്ടികളടങ്ങുന്ന കുടുംബവുമായി വേണം ഇദ്ദേഹത്തിന് മടങ്ങാന്‍. വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന ഈ വിസ ഓരോ വര്‍ഷവും 20,700 എണ്ണം മാത്രമേ അനുവദിക്കാനാകൂ എന്നാണ് ഗവണ്‍മെന്റ് മാനദണ്ഡം.
വിഷയത്തില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ലോബിയിംഗ് ഗ്രൂപ്പ് ഹോം സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നതും ട്രെയിനിംഗില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുമായ ഡോക്ടര്‍മാരോടാണ് നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിസ ചടങ്ങള്‍ എന്‍എച്ച്എസ് നേരിടുന്ന ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധിയെ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദിന് ഡോക്ടര്‍മാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply