ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണിമുടക്ക് അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടർമാർ. പണിമുടക്ക് അവസാനിച്ചതോടെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗുമായി ചർച്ചകൾ പുനരാരംഭിക്കാൻ സമ്മതിക്കുകയായിരുന്നു. നേരത്തെ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചത്. അടുത്ത ആഴ്ച ആദ്യം ചർച്ചകൾ പുനരാരംഭിക്കാൻ ആരോഗ്യ സെക്രട്ടറി വാഗ്‌ദാനം ചെയ്‌തു. ഇതിന് പിന്നാലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ക്ഷണം സ്വീകരിച്ചു.
ശമ്പളത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കില്ലെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് പ്രധാന വിഷയങ്ങളിൽ ചർച്ചകൾ തുടരാൻ അദ്ദേഹം തയ്യാറാണ് എന്ന് അറിയിച്ചു. ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ജോലി സാഹചര്യങ്ങൾ, കരിയർ പുരോഗതി, പരീക്ഷാ ഫീസ് തുടങ്ങിയവ ഉൾപെടും.
2023 – മുതൽ ഉള്ള കാലയളവിൽ റസിഡന്റ് ഡോക്ടർമാർ നടത്തുന്ന 12-ാമത്തെ പണിമുടക്കായിരുന്നു ഇത്. ലേബർ സർക്കാരിനു കീഴിലെ ആദ്യത്തെ പണിമുടക്കായിരുന്നു ഇത്. ആരോഗ്യ സെക്രട്ടറിയുമായി മുൻപ് നടന്ന ചർച്ചയിൽ രണ്ട് വർഷത്തിനുള്ളിൽ 22% ശമ്പള വർദ്ധനവാണ് പറഞ്ഞുറപ്പിച്ചത്. ഇതിന് പ്രകാരം റസിഡന്റ് ഡോക്ടർമാർക്ക് 5.4% ശമ്പള വർദ്ധനവും ലഭിച്ചിരുന്നു. ബിഎംഎ ജൂനിയർ ഡോക്ടർ നേതാക്കളായ ഡോ. മെലിസ റയാനും ഡോ. റോസ് ന്യൂവൗഡും ചർച്ചകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇത്തവണ സർക്കാർ കൂടുതൽ വ്യക്തവും സ്വീകാര്യവുമായ ഒരു ഓഫർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
Leave a Reply