തിരുവനന്തപുരം: കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിന് പിണറായി സര്‍ക്കാരിന്റെ അനൗദ്യോഗിക താക്കീത്. സോഷ്യല്‍ മീഡിയയിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന കോഴിക്കോട് എംപി എംകെ രാഘവന്‍ നല്‍കിയ പരാതിയില്‍ പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കളക്ടറും എംപിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട് എംപി നല്‍കിയ പരാതിയിലാണ് നടപടി.

വിഷയത്തില്‍ കളക്ടര്‍ മാപ്പ് പറയണമെന്നായിരുന്നു എംകെ രാഘവന്‍ എംപിയുടെ നിലപാട്. കുന്നംകുളത്തിന്റെ മാപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് കളക്ടര്‍ ഇതിനോട് പ്രതികരിച്ചത്. ഇത് വിവാദമായതിനേത്തുടര്‍ന്ന് കളക്ടറുടെ നിലപാടിനെതിരെ എംപി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.

സംഭവത്തില്‍ കളക്ടറോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. അന്ന് പ്രശാന്ത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. പ്രശാന്തിന് ഇനിയുള്ള നീണ്ട സര്‍വീസും നിലവിലുള്ള നല്ല സര്‍വീസ് റെക്കോര്‍ഡും കണക്കിലെടുത്താണ് അനൗദ്യോഗിക താക്കീതില്‍ നടപടികള്‍ ഒതുക്കിയതെന്നാണ് സൂചന.