നോ ഡീല്‍ ബ്രെക്‌സിറ്റിന് സാധ്യത ശക്തമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അത്തരമൊരു സാഹചര്യം ക്യാന്‍സര്‍ രോഗികള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലുണ്ടാകുന്ന കാലതാമസം ക്യാന്‍സര്‍ മരുന്നുകള്‍ നശിക്കാന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പ്. പല വിധത്തിലുള്ള ട്യൂമറുകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോആക്ടീവ് മരുന്നുകള്‍ അതിര്‍ത്തികളില്‍ താമസമുണ്ടായാല്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. ചില മരുന്നുകള്‍ നിര്‍മിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.
അത്തരം മരുന്നുകള്‍ യൂറോപ്പില്‍ നിന്ന് എത്തിക്കുമ്പോള്‍ അതിര്‍ത്തികളിലെ പരിശോധനകള്‍ക്കായി താമസം നേരിടാന്‍ സാധ്യതയുണ്ട്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടക്കുന്നതെങ്കില്‍ ഈ കാലതാമസം ഉറപ്പാണ്. റേഡിയോആക്ടീവ് മരുന്നുകളുടെ കൈമാറ്റം സുഗമമാക്കുന്നത് യൂറാറ്റം കരാറില്‍ നിന്ന് ബ്രെക്‌സിറ്റോടെ യുകെ പുറത്താകും. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ ഭൂരിപക്ഷവും യൂറോപ്പില്‍ നിന്നാണ് വരുന്നത്.
പ്രതിവര്‍ഷം 10,000 ക്യാന്‍സര്‍ രോഗികളെങ്കിലും ഇതിന്റെ ഗുണഭോക്താക്കളാകുന്നു. ഈ മരുന്നുകളുടെ ലഭ്യത കുറയുന്നതിലൂടെ പല രോഗികളെയും മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍, ശ്വാസകോശത്തിലെ ക്ലോട്ടുകള്‍, ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള സ്‌കാനിംഗ് പരിശോധനകള്‍ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പുകളും ഇവയില്‍ ഉള്‍പ്പെടും. 7 ലക്ഷം പരിശോധനകളാണ് ഇവ ഉപയോഗിച്ച് ഓരോ വര്‍ഷവും നടത്തുന്നത്.
Leave a Reply