സ്വന്തം ലേഖകൻ
ലണ്ടൻ : ചൈനയിൽ നിന്ന് യുകെ വാങ്ങിയ 250 വെന്റിലേറ്ററുകൾ രോഗികളെ കൊല്ലുമെന്ന് ബ്രിട്ടീഷ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വെന്റിലേറ്ററുകളുടെ ഓക്സിജൻ വിതരണം തകരാറിലാണെന്നും ശരിയായി വൃത്തിയാക്കാൻ കഴിയില്ലെന്നും രൂപകൽപ്പനയിൽ പാളിച്ചകൾ ഉണ്ടായിട്ടുണ്ടെന്നും മുതിർന്ന ഡോക്ടർമാർ പറഞ്ഞു. ഏപ്രിൽ നാലിനാണ് ചൈനയിൽ നിന്നും മുന്നൂറോളം വെന്റിലേറ്ററുകൾ യുകെയിൽ എത്തിയത്. വെന്റിലേറ്ററുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇൻസ്ട്രക്ഷൻ മാനുവൽ ഉണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ക്ലിനിക്കുകളെയും സീനിയർ മാനേജർമാരെയും പ്രതിനിധീകരിച്ച് തീവ്രപരിചരണ വിഭാഗം ഡോക്ടറും മുതിർന്ന അനസ്‌തേഷ്യയും ആയ വ്യക്തി എൻഎച്ച്എസ് മേധാവികൾക്ക്, വെന്റിലേറ്റർ സുരക്ഷിതമല്ലെന്ന് അറിയിച്ചുകൊണ്ട് കത്തയച്ചു. ഏപ്രിൽ ആദ്യം ചൈനയിൽ നിന്നുള്ള വെന്റിലേറ്ററുകളുടെ വരവിനെ കാബിനറ്റ് മന്ത്രിമാർ പ്രശംസിച്ചിരുന്നു. ഈ വെന്റിലേറ്ററുകൾ എൻഎച്ച്എസിന് സഹായകരമാകുമെന്നും മൈക്കൽ ഗോവ് അന്ന് പറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ആഴ്ചയിലാണ് സുരക്ഷാപ്രശ്നങ്ങൾ കണ്ടെത്തിയതിനെതുടർന്ന് രോഗികൾക്ക് ഇത് ഹാനികരമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
ചൈനയ്ക്ക് നന്ദി പറഞ്ഞു ഒൻപത് ദിവസത്തിന് ശേഷം ചൈനയിലെ പ്രധാന വെന്റിലേറ്റർ നിർമാതാക്കളിലൊരാളായ ബീജിംഗ് അയോൺമെഡ് കമ്പനി ലിമിറ്റഡ് നിർമ്മിച്ച ഷാങ്‌റില 510 മോഡലിന്റെ 250 എണ്ണം മാരകമാണെന്ന് മുന്നറിയിപ്പ് നൽകാൻ ഒരു കൂട്ടം ഡോക്ടർമാരും മെഡിക്കൽ മാനേജർമാരും ചേർന്നു സർക്കാരിന് കത്തെഴുതുന്ന സാഹചര്യം ഉടലെടുത്തു. ഇതുപയോഗിച്ചാൽ രോഗികൾക്ക് മരണം വരെ ഉണ്ടായേക്കാമെന്ന് മുതിർന്ന ഡോക്ടർമാർ പറയുന്നു. ആശുപത്രികളിൽ വെന്റിലേറ്റർ മോഡൽ ഉപയോഗിക്കുന്നില്ലെന്നും രോഗികൾക്കൊന്നും അപകടമില്ലെന്നും ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) വക്താവ് പറഞ്ഞു. എൻഎച്ച്‌എസ് ആശുപത്രികളിൽ എത്തിക്കുന്നതിന് മുമ്പ് വെന്റിലേറ്റർമാർ നിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താൻ ശക്തമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ ഡോക്ടർമാരുടെ ഈയൊരു മുന്നറിയിപ്പ് ആരോഗ്യരംഗത്ത് ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.
Leave a Reply