തിരുവനന്തപുരം വെഞ്ഞാറമൂടില്‍ എട്ടുവയസ്സുകാരൻ മരിച്ചത് പേവിഷ ബാധയേറ്റെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വെമ്പായം തലയൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഭിഷേക് ആണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. രണ്ടുദിവസം മുൻപ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയിരുന്നു.
ശരീരത്തിൽ മുറിവുകൾ ഇല്ലാത്തതിനാൽ മാതാപിതാക്കൾ അത് കാര്യമായി എടുത്തില്ല. തുടർന്ന് കുട്ടിയുടെ ദേഹത്ത് നൂല് ജപിച്ചുകെട്ടി. പുലർച്ചെയോടെ കുട്ടി പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്തുതുടങ്ങി.
തുടർന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയിൽ എത്തിച്ചപ്പോൾ പനിക്കുള്ള മരുന്നു നൽകി തിരിച്ചയച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിക്ക് തീരെ വയ്യാതായി. രാത്രി കന്യാകുളങ്ങര സിഎച്ച്സിയിൽ കുട്ടിയെ എത്തിച്ചു. രോഗലക്ഷണങ്ങൾ കണ്ട ഡോക്ടർ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നും എസ്എടി ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ വാഹന സൗകര്യം ഇല്ലാത്തതിനാൽ കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയും പുലർച്ചെ മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ഒരു മാസം മുൻപ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. ദിവസങ്ങൾക്കു ശേഷം അയൽവക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടർന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികൾ പറയുന്നു.
Leave a Reply