ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നാല് വയസുകാരിയെ നായ കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലീസ് സ്റ്റോൺസ് എന്ന കുട്ടിയെ കടിച്ചു കൊന്നത് വീട്ടിലെ വളർത്തു നായയാണെന്ന് തെംസ് വാലി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നെതർഫീൽഡിലെ ബ്രോഡ്‌ലാൻഡ്‌സ് ഏരിയയിലായിരുന്നു ദാരുണമായ സംഭവം. കടിയേറ്റ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ തിരികെ പിടിക്കാൻ കഴിഞ്ഞില്ല.

 

സംഭവത്തെ തുടർന്ന് പൊതുജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തി നായയെ കൊലപ്പെടുത്തിയിരുന്നു. മറ്റാർക്കും പരിക്കില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കുടുംബത്തോടൊപ്പം ഉള്ളതൊന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നായ ഏത് ഇനത്തിൽപ്പെട്ടതാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വന്നിട്ടില്ലെന്നും മിൽട്ടൺ കെയ്‌ൻസിന്റെ ലോക്കൽ പോലീസിംഗ് ഏരിയ കമാൻഡർ സൂപ്രണ്ട് മാർക്ക് ടാർബിറ്റ് പറഞ്ഞു.

അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ ഉടനെ പുറത്ത് വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് വയസുകാരിയുടെ മരണം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആലീസിന്റെ വേർപാടിൽ പള്ളിയിൽ മെഴുകുതിരി കത്തിക്കാനായി 100 ലധികം ആളുകൾ ഒത്തുകൂടി. കുട്ടിയുടെ വേർപാടിൽ കുടുംബത്തിന് ആശ്വാസം നൽകണമെന്നാണ് എല്ലാവരുടെയും പ്രാർത്ഥന.