മുംബൈയിലെ തലോജ വ്യവസായ മേഖലയില്‍ കുറച്ചുകാലമായി തെരുവുനായ്ക്കളുടെ നിറംമാറുന്നു. തൂവെള്ള നിറത്തിലും മറ്റ് ഇളം നിറത്തിലും കണ്ടിരുന്ന നായ്ക്കള്‍ പെട്ടെന്ന് നീല നിറത്തിലേക്ക് മാറുകയായിരുന്നു. ഇതിന്റെ കാരണം തേടിയെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

പ്രദേശത്ത് ഇത്തരത്തില്‍ അഞ്ചോളം ‘നീല നായ്ക്കള്‍’ വിലസുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തലോജയിലെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നത് കസാദി നദിയിലേക്കാണ്. ഭക്ഷണം തേടിയും മറ്റും നായ്ക്കള്‍ ഈ നദിയില്‍ ഇറങ്ങുന്ന പതിവുണ്ട്. പതിവായി മാലിന്യം നിറഞ്ഞ നദിയില്‍ നീന്തുന്ന നായ്ക്കളുടെ നിറം ക്രമേണ മാറിയതാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഈ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ, എന്‍ജിനീയറിംഗ് വിഭാഗങ്ങളിയായി ആയിരത്തോളം ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നത് ഈ നദിയിലേക്കാണ്. ബുധനാഴ്ച നീല നിറമുള്ള ഒരു നായയെ കണ്ട മൃഗസംരക്ഷണ സെല്‍ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുകയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. മാലിന്യങ്ങളും ചായങ്ങളും നിറഞ്ഞ നദിയില്‍ ഭക്ഷണത്തിനായി മുങ്ങിത്തപ്പുന്ന നായ്ക്കളുടെ രോമവും ചര്‍മ്മവും നീലനിറമായി മാറുകയാണെന്ന് മൃഗ സംരക്ഷകര്‍ പരാതിപ്പെടുന്നു.

പ്രദേശത്ത് അഞ്ചോളം നീല നായ്ക്കളെ കണ്ടെത്തിയതാലും ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ മാലിന്യം നദിയിലേക്ക് ഒഴുക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും നവി മുംബൈ സ്വദേശിയായ ആരതി ചൗഹാന്‍ പറയുന്നു.