സ്വന്തം ലേഖകൻ

ലണ്ടൻ : ഗാർഹിക പീഡന ബില്ലിൽ ഭേദഗതി വരുത്താൻ സമ്മതിച്ച് എംപിമാർ. “പരുക്കൻ ലൈംഗിക പ്രതിരോധം” (rough sex defence ) ഇനി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും നിരോധിക്കും. ലൈംഗിക പങ്കാളിയെ കൊലപ്പെടുത്തുകയോ അക്രമാസക്തമായി പരിക്കേൽപ്പിക്കുകയോ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ചില പ്രതികൾ കോടതിയിൽ പരുക്കൻ ലൈംഗിക പ്രതിരോധം (50 ഷേഡ്സ് ഡിഫെൻസ് എന്നും അറിയപ്പെടുന്നു) ഉപയോഗിക്കുന്നു. മരണമോ പരിക്കോ സമ്മതത്തോടെയുള്ള ലൈംഗികതയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെടുന്നു. ഇതിനെയാണ് പുതിയ ഭേദഗതിയിലൂടെ എടുത്തുമാറ്റിയത്. ലൈംഗികപരമായി ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് അഭയം നൽകുന്നതിനായി വിശാലമായ നിയമനിർമ്മാണം നടത്താൻ ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് ബാധ്യതയുണ്ടാക്കും. പ്രചാരണക്കാർ ഇതിനെ സ്വാഗതം ചെയ്തെങ്കിലും കുടിയേറ്റ സ്ത്രീകളെപ്പോലുള്ളവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചിലർ പറഞ്ഞു.

ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾക്കൊള്ളുന്ന ബിൽ കോമൺസിൽ അവസാന ഘട്ടം പാസാക്കി. ഇനി ഇത് ഹൗസ് ഓഫ് ലോർഡ്‌സിൽ ചർച്ചയ്ക്കായി നീങ്ങും. കഴിഞ്ഞ വർഷം ജൂലൈയിൽ തെരേസ മേയുടെ സർക്കാർ ക്രോസ്-പാർട്ടി പിന്തുണയോടെയാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പ് കാരണം പാസാകാൻ കാലതാമസം നേരിട്ടു. ഗാർഹിക പീഡനത്തിന്റെ ഫലങ്ങൾ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കുട്ടികളെ നിയമപ്രകാരം ഇരകളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. റഫ് സെക്സ് ഡിഫെൻസ് എന്നതിന്റെ ഉപയോഗം സമീപകാലത്തെ ഏറ്റവും ചടുലവും വേദനാജനകവുമായ സംഭവവികാസങ്ങളിലൊന്നാണ് കോമൺസിൽ സംസാരിച്ച ഹോം ഓഫീസ് മിനിസ്റ്റർ വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്സ്, 2016 ൽ കൊല്ലപ്പെട്ട നതാലി കൊനോലിയെ അനുസ്മരിച്ചു. 40ഓളം പരുക്കുകളാൽ ആണ് 26കാരിയായ നതാലി കൊല്ലപ്പെട്ടത്. ലൈംഗിക പങ്കാളിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും സമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തിയ്ക്കിടെയാണ് പരിക്കേറ്റതെന്ന് പറഞ്ഞ് കൊലപാതകകേസ് ഒഴിവാക്കുകയായിരുന്നു. ലൈംഗിക വേളയിൽ ഒരാളെ കൊലപ്പെടുത്തുന്നവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ ആഗ്രഹിക്കുന്ന കാമ്പെയ്ൻ ഗ്രൂപ്പ്, ഈ ഭേദഗതിയെ തങ്ങളുടെ വിജയമായി കണക്കാക്കി.

കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിൽ 60 സ്ത്രീകളെ പുരുഷന്മാർ കൊലപ്പെടുത്തിയതായി പ്രചാരകർ വാദിച്ചു. സ്ത്രീകൾ അക്രമത്തിന് സമ്മതിക്കുന്നുവെന്ന് അവർ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ ഈ കേസുകളിൽ 45 ശതമാനവും വളരെ കുറഞ്ഞ ശിക്ഷകളാണ് നേരിട്ടത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബിബിസി ത്രീ 2020 ൽ ഇതുവരെ നാല് കേസുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 കേസുകൾ. സെന്റർ ഫോർ വിമൻസ് ജസ്റ്റിസ് ഡയറക്ടർ ഹാരിയറ്റ് വിസ്ട്രിച്ച് ബില്ലിനെ നിയമനിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ഗാർഹിക പീഡനത്തിന് ഇരയായവർക്കുള്ള സംരക്ഷണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ സർക്കാർ മുന്നോട്ടുകൊണ്ടുവരണമെന്നും അവർ വാദിച്ചു.