നിയമ വിദ്യാർഥിനി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും കുടുംബവും പൊലീസ് കസ്റ്റഡിയിൽ. വീട് പൂട്ടിയ നിലയിലായിരുന്നു. ഒളിവിൽ പോയ ഇവരെ കോതമംഗലത്തെ ബന്ധുവീട്ടിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും. അതേസമയം പരാതിക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമായ പൊലീസ് വീഴ്ചയില്‍ സിഐയ്ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ആലുവ ഡിവൈഎസ്പി അന്വേഷണറിപ്പോര്‍ട്ട് ഇന്ന് കൈമാറും. ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്.
പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ആരോപണം. ആലുവ സ്റ്റേഷനില്‍ പരാതിക്കാരിയും അച്ഛനും എത്തിയപ്പോള്‍ സിഐ തന്റെ മുറിയിലേക്ക് വിളിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും വിളിച്ചുവരുത്തി പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേസെടുക്കാത്തതെന്താണെന്ന് യുവതി പൊലീസിനോട് ചോദിച്ചു.
സിഐ ഉത്തരം നല്‍കാതെ വീണ്ടും സംസാരിച്ചു. ഭര്‍ത്താവും സംസാരിച്ചു തുടങ്ങിയതോടെയാണ് യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയത്. സിഐ യുവതിയുടെ അച്ഛനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
ഭർത്താവിനും ഭര്‍തൃവീട്ടുകാർക്കുമെതിരെയുള്ള ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി മടങ്ങിവന്നതിനു ശേഷമാണ് മോഫിയയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊടുപുഴയിൽ സ്വകാര്യ കോളജിൽ എൽഎൽബി വിദ്യാർഥിയാണ് മോഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. സ്റ്റേഷനിൽനിന്ന് വീട്ടിലെത്തിയ ശേഷം മോഫിയ വാതിലടച്ച് ഇരിക്കുകയായിരുന്നെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് വീട്ടുകാർ അറിയിച്ചത്. ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഇതുവരെ അതിൽ എഫഐആർ റജിസ്റ്റർ ചെയ്തില്ലെന്നും മോഫിയയുടെ ബന്ധുക്കൾ പറഞ്ഞു. തനിക്കു നീതി ലഭിച്ചില്ലെന്നും സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യകുറിപ്പിൽ ആരോപിക്കുന്നുണ്ട്.
പരാതിയിൽ ചർച്ച നടത്തുന്നതിനായി യുവതിയെയും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിൽ വാക്കു തർക്കമുണ്ടായപ്പോൾ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്നും ഇതിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. എന്നാൽ സിഐ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
‘പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല.’– ആലുവ കീഴ്മാട് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയ പർവീൺ എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
‘ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!’– ഭർത്താവിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാണ് കത്ത് അവസാനിക്കുന്നത്.
Leave a Reply