ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമന്ത്രി കെയർ സ്റ്റാർമറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഉടൻ കൂടികാഴ്ച നടക്കുമെന്ന വാർത്തകൾ പുറത്തുവന്നു. ട്രംപ് പ്രസിഡൻറ് ആയി സ്ഥാനമേറ്റെടുത്തതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഫോൺ സംഭാഷണത്തിലാണ് ഈ തീരുമാനം കൈ കൊണ്ടത്. ഇരു നേതാക്കളും തമ്മിൽ 45 മിനിറ്റോളം സംസാരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, സമ്പദ് വ്യവസ്ഥ, മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നീ കാര്യങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രധാനമായും ഇസ്രയേൽ ഹമാസ് സംഘർഷവും മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളുമാണ് സംസാര വിഷയമായത്. മിഡിൽ ഈസ്റ്റിൻ്റെ സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഹമാസ് വെടി നിർത്തൽ നിലവിൽ വന്നതിൽ ട്രംപിന്റെ പങ്കിനെ കുറിച്ച് നേരത്തെ കെയർ സ്റ്റാർമർ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. ട്രംപും കെയർ സ്റ്റാർമർ തൻറെ എക്കാലത്തെയും സുഹൃത്താണെന്ന പ്രസ്താവന നടത്തിയിരുന്നു.
സാമ്പത്തിക സൈനിക കാര്യങ്ങളിൽ യുകെയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യവും സഖ്യകക്ഷിയുമാണ് യുഎസ് . അതുകൊണ്ട് തന്നെ ഇരു രാഷ്ട്രതലവന്മാർ തമ്മിലുള്ള ബന്ധത്തെയും ചർച്ചകളെയും വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരും മറ്റ് ലോകരാജ്യങ്ങളും നോക്കി കാണുന്നത്. നേരത്തെ ലേബർ പാർട്ടി തന്റെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതുകൂടാതെ യുഎസിലെ പുതിയ അംബാസിഡർ പീറ്റർ മണ്ടൽസനെ ട്രംപിൻ്റെ അനുയായി മണ്ടൻ എന്ന് വിളിച്ചത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇത് കൂടാതെ താൻ പ്രസിഡൻറ് പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ കെയർ സ്റ്റാർമറിനെ ക്ഷണിക്കാതെ റീ ഫോം യുകെയുടെ നേതാവായ നീൽ ഫാരംഗിനെ ക്ഷണിച്ചതും ഇരു നേതാക്കളും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് വാർത്തകൾ സൃഷ്ടിക്കുന്നതിന് കാരണമായിരുന്നു. ട്രംപിന്റെ അനുയായിയും ശത കോടീശ്വരനുമായ എലോൺ മസ്ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സില്‍ കെയർ സ്റ്റാർമറിനെതിരെ നടത്തിയ രൂക്ഷ പരാമർശങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Leave a Reply