വിൻഡ്സർ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രോട്ടോക്കോളും ആചാരങ്ങളും ലംഘിച്ചെന്നു വിമർശനം. പത്നി മെലാനിയയ്ക്കൊപ്പമാണ് ട്രംപ് വെള്ളിയാഴ്ച വിൻഡ്സർ കൊട്ടാരത്തിൽ രാജ്ഞിയുടെ ചായ സത്കാരത്തിനെത്തിയത്.
നിശ്ചയിച്ചുറപ്പിച്ചതിലും 12 മുതൽ 15 വരെ മിനിട്ട് വൈകിയാണ് ട്രംപ് എത്തിയതെന്നാണ് റിപ്പോർട്ട്. അക്ഷമയായ രാജ്ഞി ഇടയ്ക്കിടെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ അദ്ദേഹം രാജ്ഞിക്കു മുന്നിൽ തല കുനിച്ചില്ല. പകരം മുന്നോട്ടു ചെന്നു ഹസ്തദാനം നല്കി.
തുടർന്ന് എലിസബത്തിനൊപ്പം ഗാർഡ് ഓഫ് ഓണർ പരിശോധിക്കവേ ട്രംപ് പെട്ടെന്നു നിന്നു. എലിസബത്ത് ഈ അവസരത്തിൽ ട്രംപിനെ മറികടന്നു മുന്നോട്ടുപോയി. ട്രംപിന്റെ ഈ പെരുമാറ്റം മര്യാദയില്ലാത്തതാണെന്നു സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.
ബ്രിട്ടീഷ് സന്ദർശനത്തിനെത്തിയ ട്രംപ് നേരത്തേ പ്രധാനമന്ത്രി തെരേസാ മേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഞിയെ കണ്ട ശേഷം അദ്ദേഹം സ്കോട്ലൻഡിലെ സ്വന്തം ഗോൾഫ് ക്ലബ്ബിലേക്കു പോയി. തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉച്ചകോടിക്കു ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലേക്കു പോകുന്നതുവരെ ഇവിടെ തുടരും. ട്രംപിന്റെ സന്ദർശനത്തിനെതിരേ ബ്രിട്ടനിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
Leave a Reply