ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക; ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി ട്രംപ്….

ചൈനയ്‌ക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക; ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി ട്രംപ്….
May 30 06:01 2020 Print This Article

കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് രണ്ട് മാസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് സംഘടനയുമായുള്ള എല്ലാ ബന്ധവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി ട്രംപ് പറയുന്നത്.

‘ലോകാരോഗ്യ സംഘടനുയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്’ ‘ട്രംപ് പറഞ്ഞു. ‘ 40 ദശലക്ഷം ഡോളര്‍ മാത്രമാണ് ചൈന പ്രതിവര്‍ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയ്ക്കാണ്. അമേരിക്ക 450 ദശലക്ഷം ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയോട് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടങ്കിലും അതിന് തയ്യാറായില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

അടുത്ത 30 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയ്ക്കുള്ള സാമ്പത്തിക സാഹയം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 19 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനത്തിന് അയച്ച സന്ദേശത്തിലാാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്ന് പറഞ്ഞിരുന്ന സമയം കഴിയുന്നതിന് മുമ്പ് തന്നെ കടുത്ത തീരുമാനത്തിലേക്ക് ട്രംപ് കടക്കുകയായിരുന്നു.

കൊറണ വൈറസിന്റെ വ്യാപനത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണ് ചൈന കൈകൊണ്ടെതെന്ന് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അന്നുമുതലാണ് ട്രംപ് ഉടക്കിയത്. ചൈന സ്വീകരിച്ച നിലപാടുകളാണ് രോഗ വ്യാപനം ഇത്ര വര്‍ധിക്കാന്‍ കാരണമെന്ന നിലപാടായിരുന്നു അമേരിക്കയ്ക്ക്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായുമില്ല. നിലവില്‍
്അമേരിക്കയാണ് ലോകാരോഗ്യ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നടത്തുന്ന രാജ്യം. സംഘടനയ്ക്ക് കിട്ടുന്ന ആകെ തുകയുടെ 14.67 ശതമാനം അമേരിക്ക നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 55 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്ക കഴിഞ്ഞാല്‍ ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍-ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് കുടുതല്‍ സംഭവാന നല്‍കുന്നത്. 9.76 ശതമാനമാണ് ഇവര്‍ നല്‍കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്ന ആകെ സംഭാവനയുടെ 0.48 ശതമാനമാണ് ഇന്ത്യ നല്‍കുന്നത്. ചൈനയാകട്ടെ, ആകെ സംഭവനയുടെ 0.21 ശതമാനവും നല്‍കുന്നു.

ചൈന അമേരിക്കയ്‌ക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുകയാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ചൈനയില്‍നിന്നുള്ള ചില ആളുകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ അസ്ഥിത്വം നിഷേധിക്കുന്ന രീതിയില്‍ സുരക്ഷ നിയമം കൊണ്ടുവന്നതിനെതിരെ ചൈനയ്ക്കതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു രാജ്യം രണ്ട് വ്യവസ്ഥിതിയെന്ന വാഗ്ദാനമം ഹോങ്കോങ്ങിന്റെ കാര്യത്തില്‍ ചൈന ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles