സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക. വിമത സൈന്യത്തിന് നേരെ അസദ് ഭരണകൂടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനെതിരെ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് സിറിയയെ ആക്രമിക്കുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടാകില്ലെന്ന് സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമര്‍ശിച്ച് തെരേസ മേയ് സിറിയയെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സൂചനകള്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും അസദിനെതിരെ രംഗത്ത് വന്നിരുന്നു. നേരത്തെ അസദ് മൃഗത്തിന് തുല്യനാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വിമാനങ്ങള്‍ ആക്രമണമ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു.
ബരാക് ഒബാമ വിചാരിച്ചിരുന്നെങ്കില്‍ അസദ് ഭരണകൂടം എത്രയോ മുന്‍പ് തന്നെ ഇല്ലാതാകുമായിരുന്നുവെന്നും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗത്തിനെ ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഭരണകൂടവും രംഗത്ത് വന്നിരുന്നു. സിറിയന്‍ സൈന്യം രാസായുധ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ നോക്കി നില്‍ക്കില്ലെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് വിമത സൈന്യത്തെ സിറിയ നേരിടുന്നത്. അതേസമയം അസദിന്റെ സഖ്യകക്ഷിയായി റഷ്യയും കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല. സഖ്യകക്ഷികളും മറ്റുള്ളവരുമായി ഇക്കാര്യത്തില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളുവെന്ന് യുഎസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേര്‍സ് വ്യക്തമാക്കി.
വിമത ശക്തികേന്ദ്രത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വിഷവാതക ആക്രമണമാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വിഷവാതകം ശ്വസിച്ച് 400ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സിറിയന്‍ ആക്രമണം നെര്‍വ് ഏജന്റ് ഉപയോഗിച്ചാണോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ രക്തത്തിലും മൂത്ര സാമ്പിളിലും ക്ലോറിന്റെയും നെര്‍വ് ഏജന്റിന്റെയും അംശം കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അസദ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലോക നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.
Leave a Reply