ബ്രസല്‍സ്: സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പകരമായി നൂറോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നിയന്ത്രണമേര്‍പ്പെടുത്താനുള്ള നൂറോളം ഉല്‍പന്നങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, ജാക്ക് ഡാനിയല്‍സ് വിസ്‌കി മുതലായവയാണ് പട്ടികയിലുള്ളത്. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികരണമെന്ന നിലയിലുള്ള ഈ നടപടി പൂര്‍ണ്ണമായും നിയമപരമാണെന്ന് ട്രേഡ് കമ്മീഷണര്‍ സെസിലിയ മാംസ്റ്റോം പറഞ്ഞു.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചി നടപടികളില്‍ കൃത്യത വരുത്തുമെന്നും അവര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലാണ് യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ നിരാകരിച്ചുകൊണ്ട് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ വ്യാഖ്യാനത്തിലൂടെ നല്‍കിയിരിക്കുന്ന ഏറ്റവും ക്രിയാത്മകമായ തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്റേതെന്ന വിശകലവും ഉണ്ട്. പ്രാദേശിക വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ഇറക്കുമതി വര്‍ദ്ധിക്കുന്ന ഘട്ടങ്ങളില്‍ താല്‍ക്കാലിക ലെവികള്‍ ഏര്‍പ്പെടുത്താന്‍ ഡബ്ല്യുടിഒ ചട്ടങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.
ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് 90 ദിവസങ്ങള്‍ക്കുള്ളില്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ പകരം നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഈ ചട്ടമനുസരിച്ച് അനുമതിയുണ്ട്. എന്നാല്‍ ദേശസുരക്ഷയേക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദവും അതിനെ തള്ളിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതികരണവും മുമ്പെങ്ങുമില്ലാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘടനയിലെ ശക്തരായ അംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ സംഘടനയ്ക്ക് ശേഷിയുണ്ടോ എന്ന കാര്യവും ഇതിലൂടെ അറിയാന്‍ കഴിയും.
Leave a Reply