പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി നിയമിച്ച യുഎന്‍ അംബാസഡറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റഷ്യക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് ട്രംപ് തന്നെ വിലക്കിയിട്ടില്ലെന്നും ഹാലി പറഞ്ഞു. എബിസി ന്യൂസിന്റെ റാഡാറ്റ്‌സുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം ഹാലി പറഞ്ഞത്.
ഞങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇടപെടല്‍ ഉണ്ടായി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് മോസ്‌കോയുമായി യാതൊരു ബന്ധവുമില്ലെന്നും റഷ്യന്‍ ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നും വാദിക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ് ഹാലിയുടെ പ്രസ്താവന.
ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ ഇമെയിലുകള്‍ ചോര്‍ന്നതതിനു പിന്നില്‍ റഷ്യന്‍ കരങ്ങള്‍ ഉണ്ടാവാമെന്ന് അടുത്തിടെ സമ്മതിച്ചെങ്കിലും റഷ്യയെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളെ പഴി പറയുന്ന ശീലം ട്രംപ് ഒഴിവാക്കിയിട്ടില്ല. മാധ്യമങ്ങളെ കള്ള മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റും ട്രംപ് കഴിഞ്ഞ ദിവസം ചെയ്തിരുന്നു.