നോ ഡീല്‍ ബ്രെക്‌സിറ്റ് സാധ്യത മുന്നോട്ടു വെച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. ബ്രെക്‌സിറ്റിന് ചെറിയ ഡിലേ നല്‍കണമെങ്കില്‍ അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ തെരേസ മേയുടെ ഡീലിന് എംപിമാര്‍ അംഗീകാരം നല്‍കണമെന്ന് ടസ്‌ക് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 50 മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരേസ മേയ് അയച്ച കത്ത് ലഭിച്ചതിനു ശേഷം നടത്തിയ പ്രതികരണത്തിലാണ് ടസ്‌ക് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ടസ്‌ക് തെരേസ മേയുമായി ഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു. മേയ് നല്‍കിയ കത്ത് പ്രശ്‌നങ്ങളൊന്നും പരിഹരിക്കുന്നില്ലെന്നായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ മാസ് പറഞ്ഞത്. ബ്രെക്‌സിറ്റ് നീട്ടണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ തീരുമാനിക്കണമെങ്കില്‍ അതുകൊണ്ട് ബ്രിട്ടന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകണമെന്നും മാസ് വ്യക്തമാക്കി.
ഡീല്‍ ഇല്ലാതെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമവും നടത്തുമെന്ന് ടസ്‌ക് പറഞ്ഞു. അതിനായുള്ള ക്ഷമ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 23 വരെയോ ജൂണ്‍ 30 വരെയോ ബ്രെക്‌സിറ്റ് നീട്ടിവെക്കാനുള്ള ആവശ്യം തത്വത്തില്‍ അംഗീകരിക്കാന്‍ ഇയു 27 നേതാക്കളുടെ ഉച്ചകോടി ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മൂന്നാം തവണയും തന്റെ ഡീലുമായി കോമണ്‍സിനെ സമീപിക്കുന്ന തെരേസ മേയ് അത് നേടിയാല്‍ വീണ്ടും യോഗം ചേരേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും യൂറോ്യപ്യന്‍ നേതാക്കള്‍ തീരുമാനമെടുത്തേക്കും.
മെയ് 23നാണ് യൂറോപ്യന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു ശേഷം ബ്രെക്‌സിറ്റ് നീട്ടണമെങ്കില്‍ ബ്രിട്ടീഷ് പ്രതിനിധികളും യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആവശ്യമാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍ ജൂലൈ ഒന്നിനു മുമ്പായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുമെന്നതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് പറയുന്നവരും ഉണ്ട്. പുതുതായി തെരഞ്ഞൈടുക്കപ്പെടുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ജൂലൈ 1നാണ് യോഗം ചേരുന്നത്.
Leave a Reply