ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകൾ വഴി ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യരുതെന്ന് ആർഎസി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ ഇംഗ്ലണ്ട്, സ്കോട്ട്‌ ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഒരു ടെസ്റ്റിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഏകദേശം നാലര മാസമാണ്. ഇതിനെ മറികടക്കാനാണ് ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകളിൽ കൂടി ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്യാൻ ആളുകൾ വളഞ്ഞ വഴി തിരഞ്ഞെടുക്കുന്നത്.

സ്ലോട്ടുകൾ നേരത്തെ ബുക്ക് ചെയ്ത് അമിതമായി തുക ഈടാക്കി മറിച്ചു വിൽക്കുന്ന ഇടനിലക്കാരുടെ ചതി കുഴിയിൽ വീഴരുതെന്നാണ് ആർഎസി മുന്നറിയിപ്പ്. ചില സൈറ്റുകൾ 195 പൗണ്ട് വരെ ഈടാക്കിയാണ് ടെസ്റ്റ് സ്ലോട്ടുകൾ വിൽപന നടത്തുന്നത്. 2023 മെയ് മാസത്തിൽ ഒരു ഇൻസ്ട്രക്ടറുടെ കാർ ഉപയോഗിച്ചുള്ള ഒരു ടെസ്റ്റിനായി താൻ 500 പൗണ്ടിൽ താഴെയും ആദ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം രണ്ടാമത്തെ ടെസ്റ്റിന് ഏകദേശം £ 400 ഉം നൽകിയതായും ലണ്ടനിൽ നിന്നുള്ള ഒരു ഡ്രൈവിംഗ് ടെസ്റ്റ് വിദ്യാർത്ഥി പറഞ്ഞത് ഇത്തരം ചൂഷണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.


ഔദ്യോഗിക ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്ന ഒരു പ്രായോഗിക പരീക്ഷയ്ക്ക് പ്രവൃത്തിദിവസങ്ങളിൽ £62 ഉം വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും £75 ഉം മാത്രമാണ് ഈടാക്കുന്നത്. ഈ സ്ഥാനത്താണ് ഇടനിലക്കാർ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കൊള്ള ലാഭം കൊയ്യുന്നത്. ഇടനിലക്കാർ ഡിവിഎസ്എ വെബ്‌സൈറ്റിൽ ലഭ്യമായ സ്ലോട്ടുകൾ ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബുക്ക് ചെയ്യുന്നത് മൂലം സാധാരണക്കാർക്ക് സേവനങ്ങൾ നിഷേധിക്കപ്പെടുന്ന ഗുരുതര പ്രതിസന്ധിയുണ്ടെന്ന് RAC പോളിസി മേധാവി സൈമൺ വില്യംസ് പറഞ്ഞു. ഓരോ വർഷവും 1.7 മില്ല്യണിലധികം പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താറുണ്ട്. എന്നാൽ കോവിഡ് ബാക്ക് ലോഗ് മുതലായ കാരണങ്ങൾ കൊണ്ട് കാത്തിരിപ്പ് സമയം ഗണ്യമായി വർദ്ധിച്ചു. എന്നാൽ സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഇടനിലക്കാർ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.