ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശയും സാമ്പാറും ചമ്മന്തിയും. ആയിരക്കണക്കിന് വർഷങ്ങളായി ദക്ഷിണ ഇന്ത്യയിലെ ജനങ്ങൾ ദോശ ഇഷ്ടഭക്ഷണമായി ഉപയോഗിച്ചുവരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ പുരാതന തമിഴ് സാഹിത്യത്തിൽ വരെ ദോശയെ കുറിച്ച് പരാമർശം ഉണ്ട്. വ്യത്യസ്ത രുചിയിലും രീതിയിലുമുള്ള വിവിധതരം ദോശകൾ നൽകുന്ന ഭക്ഷണശാലകൾ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെയുണ്ട്.
മലയാളിയുടെയും തമിഴന്റെയും ദോശ പെരുമയും ഇഷ്ടവും കടൽ കടന്ന് ഇംഗ്ലണ്ടിലും എത്തിയിരിക്കുന്നതാണ് വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി യുകെയിൽ തന്നെ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസർ ഷെയറിലെ എൻഎച്ച്എസ് ആശുപത്രിയിലെ കാന്റീനിൽ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയിൽ ചമ്മന്തിയും സാമ്പാറും കൂടി ചേർന്നപ്പോൾ 400 ദോശയാണ് ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാർ ഏറെയായി സാധനം തീർന്ന് പോയതുകൊണ്ട് പലർക്കും ഈ വിഭവം ആസ്വദിക്കാൻ പറ്റിയില്ലെന്ന പരാതിയും ഉണ്ടായി.
ദോശ പെരുമ എൻഎച്ച്എസ് കാന്റീനിൽ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി കാൻറീൻ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുൺ, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. ആവശ്യക്കാർ ഏറിയതോടെ ദോശയും സാമ്പാറും കാൻറീനിലെ പതിവ് വിഭവം ആക്കാനുള്ള ആലോചനയിലാണ് നടത്തിപ്പുകാർ. മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എൻ എച്ച് എസ് ജീവനക്കാർക്ക് 50% വിലക്കുറവിൽ 1.5 പൗണ്ടിനാണ് ലഭിച്ചത്.
Leave a Reply