ലണ്ടന്‍: അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി എന്‍എച്ച്എസ്. ഗര്‍ഭകാലം മുഴുവന്‍ ഒരു മിഡൈ്വഫിന്റെ സേവനം ലഭ്യമാക്കാനുള്ള സംവിധാനം രൂപീകരിക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 3000ത്തോളം പേര്‍ക്കു കൂടി മിഡൈ്വഫ് പരിശീലനം നല്‍കും. അപ്രതീക്ഷിതമായ ഗര്‍ഭങ്ങള്‍ അലസിപ്പോകുന്നതും മറ്റു ഗര്‍ഭാനുബന്ധ പ്രശ്‌ന ങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ആശയമായ ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

നാലു വര്‍ഷത്തിനുള്ളില്‍ ഇത്രയും മിഡൈ്വഫുമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതി ഹെല്‍ത്ത് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മറ്റേണിറ്റി സര്‍വീസുകളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സ് മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സേവനം നല്‍കാന്‍ അവര്‍ക്കുവേണ്ടി മാത്രം മിഡൈ്വഫുമാരെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഹണ്ട് ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുമെന്ന് കരുതുന്നു.

2021 മുതല്‍ ഒരു സ്ത്രീക്ക് ഗര്‍ഭകാല പരിചരണം നല്‍കാന്‍ ഒരു മിഡൈ്വഫ് എന്ന വിധത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശ്യം. 2019ഓടെ കണ്ടിന്യുവിറ്റി ഓഫ് കെയറര്‍ മോഡല്‍ ഇംഗ്ലണ്ടില്‍ നടപ്പാകും. ഈ മോഡല്‍ സ്വീകരിക്കുന്നതിലൂടെ 19 ശതമാനം മിസ്‌കാര്യേജുകളും 16 ശതമാനം ശിശുമരണങ്ങളും 24 ശതമാനം പ്രിമെച്വര്‍ പ്രസവങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.