ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർ ഇനിമുതൽ ബ്രിട്ടനിലേയ്ക്ക് വരുമ്പോൾ പിസിആർ ടെസ്റ്റ് ആവശ്യമില്ല. പുതിയ തീരുമാനം തകർച്ചയിലായ ട്രാവൽ ഇൻഡസ്ട്രിയ്ക്കും ദശലക്ഷക്കണക്കിന് അവധികാല യാത്രക്കാർക്കും വളരെയധികം സഹായകരമാണെന്ന് വിലയിരുത്തപ്പെടുന്നു . ചിലവേറിയ പിസിആർ ടെസ്റ്റ് ഒഴിവാക്കുന്നത് അവധിക്കാല വിനോദയാത്രയുടെ ബഡ്ജറ്റ് ഗണ്യമായി കുറയ്ക്കാൻ വഴിവയ്ക്കും.
പിസിആർ ടെസ്റ്റ് ഒഴിവാക്കുന്ന തീരുമാനം രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് മാത്രമേ ബാധകമാകുകയുള്ളൂവെന്നതിനാൽ കൂടുതൽ ആളുകൾ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാൻ മുന്നോട്ടു വരുമെന്ന് വിലയിരുത്തപ്പെടുന്നു . അതോടൊപ്പം ചില പിസിആർ ടെസ്റ്റുകൾ നടത്തുന്ന ലാബുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന ആക്ഷേപം പരിഹാരിക്കാൻ പുതിയ തീരുമാനം കാരണമാകും.
ഇതോടൊപ്പംതന്നെ രാജ്യത്ത് കോവിഡ് സംബന്ധമായി എന്തൊക്കെ മാറ്റങ്ങൾ വേണമെന്നുള്ളതിനെക്കുറിച്ച് ഗവൺമെന്റിൻെറ ഉന്നത തലത്തിൽ കൂടുതൽ ചർച്ചകൾ നടക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ ഋഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ് എന്നിവർ ചേർന്നുള്ള കോർ കമ്മിറ്റി ആണ് പുതിയ നയതീരുമാനങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുക. ഈ ചൊവ്വാഴ്ച കോവിഡ് പ്രതിരോധത്തിനായുള്ള വിന്റർ പ്ലാൻ പ്രധാനമന്ത്രി അവതരിപ്പിക്കും. ഇന്നലെ 29547 പേർക്കാണ് പ്രതിദിന രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് . 156 കോവിഡ് മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത് .
Leave a Reply