സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. രക്ഷിതാക്കള്‍ വധുവിനു നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുക.

കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധവകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും. വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നും ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്കാവൂ എന്നും വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രമായിരിക്കുമെന്നുമൊക്കെയാണ് വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.

കൂടാതെ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണമെന്നും വിവാഹത്തിനു മുന്‍പായി വധൂവരന്മാര്‍ക്കു തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശ ചെയ്യും.