ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരുക്കേറ്റിരുന്നു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്.

സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധക്കാർ കല്ലുകളെറിഞ്ഞു എന്ന് പൊലീസ് വിശദീകരിച്ചു. ഇവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് പറയുമ്പോൾ 13 പേരെ അറസ്റ്റ് ചെയ്തെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സംഭവത്തിൽ 53 പേർക്ക് പരുക്കേറ്റു എന്ന് പലസ്തീനിയൻ റെഡ് ക്രോസ് അറിയിച്ചു.

പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബ്ബർ ബുള്ളറ്റുകളും സൗണ്ട് ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു എന്ന് ജെറുസലേമിലെ എഎഫ്പി മാധ്യമപ്രവർത്തകർ പറയുന്നു.

വെള്ളിയാഴ്ചയാണ് ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നത്. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു.

ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.