ന്യൂസ് ഡെസ്ക്, മലയാളം യുകെ
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിൽ പുറപ്പെടുവിച്ചു . ഞായറാഴ്ച വൈകിട്ട് വരെ ഇംഗ്ലണ്ടിലുടനീളം 97 ഫ്‌ളഡ് വാർണിംഗുകളും 217 ഫ്‌ളഡ് അലർട്ടുകളും പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു. ദക്ഷിണ പടിഞ്ഞാറൻ മേഖലകളും മിഡ്‌ലാൻഡ്സും ആണ് കൂടുതൽ ദുരിതം നേരിടുന്നത്. സ്കോട്‍ ലൻഡിൽ ഏഴ് മുന്നറിയിപ്പുകളും രണ്ട് അലർട്ടുകളും നിലനിൽക്കുമ്പോൾ വെയിൽസിൽ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ല. മഴ അടുത്ത ആഴ്ചയിലും തുടരുമെന്ന സൂചനയെ തുടർന്ന് ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലണ്ടും ദക്ഷിണ വെയിൽസും ഉൾപ്പെടുത്തി തിങ്കളാഴ്ച മെറ്റ് ഓഫിസ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2026 ആരംഭിച്ചതിനുശേഷം ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലണ്ടും ദക്ഷിണ വെയിൽസും ഒരു ദിവസവും മഴയില്ലാതെ കടന്നുപോയിട്ടില്ലെന്നു മെറ്റ് ഓഫിസ് വ്യക്തമാക്കി. ഈ മേഖലകളിൽ സാധാരണയെക്കാൾ 50 ശതമാനം അധികമഴ ലഭിച്ചു. ജനുവരിയിൽ ഇൻഗ്രിഡ്, ഗൊറെട്ടി, ചന്ദ്ര എന്നീ പേരിട്ട മൂന്ന് ചുഴലിക്കാറ്റുകൾ യുകെയിൽ കനത്ത മഴയും കാറ്റും വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു. പരിസ്ഥിതി ഏജൻസിയുടെ കണക്കുകൾ പ്രകാരം കുറഞ്ഞത് 300 വീടുകളിൽ വെള്ളം കയറിയതായും 16,200-ലധികം വീടുകൾ സംരക്ഷിക്കാൻ കഴിഞ്ഞതായും ഉള്ള വാർത്തകൾ നേരെത്തെ പുറത്തുവന്നിരുന്നു . വെള്ളത്തിലൂടെ വാഹനമോടിക്കരുതെന്ന് അധികൃതർ ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിട്ടുണ്ട് .

ഡെവൺ, ഹാംപ്‌ഷയർ, ഗ്ലോസ്റ്റർ–വുസ്റ്റർ മേഖലകൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുകൾ കൂടുതലായി നൽകിയിരിക്കുന്നത് . വാർവിക്‌ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് റിവർ ഡീൻ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതായി അറിയിച്ചു. നോർത്ത് അയർലണ്ടിൽ കഴിഞ്ഞ 149 വർഷത്തിനിടയിലെ ഏറ്റവും മഴയേറിയ ജനുവരിയായിരുന്നു ഇത്തവണത്തേത്. ഫെബ്രുവരിയിലും ശക്തമായ മഴ തുടരുകയാണ്. ഈ മാസം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ചില മേഖലകളിൽ സാധാരണ ഒരു മാസത്തിൽ ലഭിക്കേണ്ടതിലധികം മഴ രേഖപ്പെടുത്തിയതായി മെറ്റ് ഓഫിസ് അറിയിച്ചു. ജനങ്ങൾ പ്രാദേശിക നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.











Leave a Reply