ലണ്ടന്‍: ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്ഥാപനം പണിമുടക്കിയതോടെ ഇമിഗ്രേഷന്‍ അപേക്ഷകളുമായി എത്തിയവര്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത് സാങ്കേതിക തകരാര്‍ എന്നു മാത്രവും. സോപ്ര സ്റ്റെറിയ എന്ന സ്ഥാപനത്തെയാണ് ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് ഏല്‍പ്പിചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുമായി ഹോ ഓഫീസ് 91 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇമിഗ്രേഷന്‍ സംബന്ധിയായ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സബ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സോപ്ര സ്റ്റെറിയയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി വലിയ ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.

ഓരോ അപേക്ഷകരും ഏതാണ്ട് 60 പൗണ്ടാണ് ഓരോ അപോയിന്‍മെന്റിനും നല്‍കേണ്ടത്. ഇത് അധിക തുകയാണെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. 600 പൗണ്ട് മുടക്കി 24 മണിക്കൂറിനുള്ളില്‍ തീരുമാനമാകാനായി നല്‍കിയ ഒരു അപേക്ഷകന്‍ കമ്പനിയുടെ നിരുത്തരവാദിത്വം കാരണം 7 ദിവസം കാത്തിരിക്കേണ്ടി വന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ഉള്‍പ്പെടെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഏതാണ്ട് 100ഓളം അപോയിന്‍മെന്റുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

ഇത്രയും അപേക്ഷകര്‍ക്ക് ഒന്നിച്ച് റീ-ഷെഡ്യള്‍ തീയതികള്‍ നല്‍കുക അസാധ്യമായ കാര്യമാണ്. ഇവരുടെ അപോയിന്‍മെന്റുകളുടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അപേക്ഷകര്‍ പലരും രോക്ഷാകുലരായിട്ടാണ് സംഭവത്തോട് പ്രതികരിച്ചത്. 11 വര്‍ഷമായി യു.കെയില്‍ താമസിക്കുന്ന യുവതി പൗരത്വത്തിനായി അപേക്ഷയുമായി എത്തിയിരുന്നു. ഇത്രയും അധികം കാത്തിരിക്കേണ്ടിവരുന്ന അസഹീനയമാണെന്നായിരുന്നു അവരുടെ പ്രതികരണം. വളരെ മോശം സ്വീകരണം ആയിട്ടെ ഇതിനെ കാണാനാകൂവെന്നും അവര്‍ പ്രതികരിച്ചു.