ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൺ സംഘടിപ്പിച്ച “യൂണൈറ്റ് ദ കിംഗ്‌ഡം” റാലിയിൽ വൻ സംഘർഷമുണ്ടായതായുള്ള റിപോർട്ടുകൾ പുറത്തുവന്നു . റാലിയിൽ ഏകദേശം 1.5 ലക്ഷം പേർ പങ്കെടുത്തതായതാണ് പൊലീസ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് . റാലി തുടക്കത്തിൽ സമാധാനപരമായി തുടങ്ങിയെങ്കിലും, പിന്നീട് സംഘർഷം രൂക്ഷമായി. പോലീസിന് നേർക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിഞ്ഞ് ആക്രമിച്ചതിനെ തുടർന്ന് 26 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘർഷത്തിനിടെ 25 പേരെ അറസ്റ്റുചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും മറ്റു കൗണ്ടികളിൽ നിന്നുള്ള 500 അധിക സേനയെ കൊണ്ടുവരികയും ചെയ്തു. സംഘർഷത്തിൽ പോലീസിന്റെ കുതിരയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ആഭ്യന്തരമന്ത്രി ഷബാന മഹ്മൂദ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും, നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടവർക്ക് മുഴുവൻ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു .

പ്രക്ഷോഭത്തിനിടെ ടെക് ബില്യനയറായ ഇലോൺ മസ്ക് വീഡിയോ ലിങ്ക് മുഖേന പങ്കെടുത്ത് കുടിയേറ്റം രാജ്യത്തിന് ഭീഷണിയാണെന്നും പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും പ്രസ്താവിച്ചു. പ്രശസ്ത അവതാരക കേറ്റി ഹോപ്പ്കിൻസ് അടക്കമുള്ളവർ വേദിയിൽ പ്രസംഗിച്ചു. മറുവശത്ത്, സ്റ്റാൻഡ് അപ് ടു റേസിസം നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു. സ്വതന്ത്ര എം.പി. ഡയാൻ അബോട്ട് അവിടെ സംസാരിച്ച് “വർഗീയതയും അതിക്രമവും എപ്പോഴും തോൽപ്പിക്കപ്പെട്ടിട്ടുണ്ട്” എന്ന് വ്യക്തമാക്കി. ടോമി റോബിൻസൺ സായാഹ്നത്തോടെ പരിപാടി അവസാനിപ്പിക്കുകയും ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.