ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 15 വയസ്സുള്ള കറുത്തവർഗക്കാരിയായ പെൺകുട്ടിയെ വസ്ത്രം ഒഴിവാക്കിയുള്ള പരിശോധനയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ ഈസ്റ്റ് ലണ്ടൻ സ്കൂൾ അധികൃതർ പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇങ്ങനെയൊരു സംഭവം നടന്നതായി സ്കൂൾ അധികൃതർ അറിഞ്ഞില്ലെന്നും, സ്റ്റാഫുകൾ ഒന്നും തന്നെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ആണ് സ്കൂളിന്റെ വിശദീകരണം. പരീക്ഷ നടന്ന സ്ഥലത്തു നിന്നും പെൺകുട്ടിയെ സ്കൂളിന്റെ മെഡിക്കൽ റൂമിലേക്ക് രണ്ടു വനിതാ മെട്രോപൊളിറ്റൻ പോലീസ് ഓഫീസർമാർ കൊണ്ടുവന്ന ശേഷം വസ്ത്രം ഒഴിവാക്കി മയക്കുമരുന്നോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. യാതൊരു തരത്തിലുള്ള മയക്കുമരുന്നുകളും പെൺകുട്ടിയിൽ നിന്നും കണ്ടെത്തിയിട്ടില്ല. ഈ വനിതാ പോലീസ് ഓഫീസർമാരുടെ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയും പേര് വെളിപ്പെടുത്താത്ത പെൺകുട്ടിയോടും കുടുംബത്തോടും സ്കൂൾ അധികൃതർ മാപ്പ് പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്കൂളിനും മെട്രോപൊളിറ്റൻ പോലീസ് അധികൃതർക്കും എതിരെ പെൺകുട്ടിയുടെ കുടുംബം ഹർജി നൽകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. കറുത്ത വർഗക്കാരിയാണ് എന്നുള്ള കാരണമാകാം പെൺകുട്ടിയോട് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടാകാൻ കാരണമായതെന്നാണ് പൊതുവേയുള്ള കണ്ടെത്തൽ. ഈ സംഭവത്തോട് നിരവധിപേർ തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ലണ്ടനിൽ കഴിഞ്ഞ ആഴ്ച പെൺകുട്ടിക്ക് അനുകൂലമായി നടന്ന പ്രതിഷേധത്തിൽ ലേബർ പാർട്ടി എം പി ഡയൻ അബോട്ട് പങ്കെടുത്തു.