ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യാരോഗ്യത്തിന് ആഹാരം എത്രത്തോളം പ്രധാനമെന്ന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആയുർവേദ സംഹിതകളിലൂടെ നമ്മെ പഠിപ്പിക്കുന്നു.
“ഷഡ്ത്രിശത് സഹസ്രാണി
രാത്രീണാം ഹിത ഭോജന:
ജീവതി അനാതുരോ ജന്തു
ജിതാത്മാ സമ്മതം സതം ”
ഹിതമായ ആഹാരം നിഷ്ഠയോടെ ശീലിക്കുന്ന ഒരുവൻ രോഗാതുരത ഇല്ലാതെ സജ്ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മൂവായിരത്തി അറുനൂറ് രാത്രികൾ അതായത് നൂറു വർഷം ജീവിക്കും എന്ന് ചാരകസംഹിത.
ആഹാരം, ഉറക്കം, വ്യായാമം എന്നീ മൂന്നു കാര്യങ്ങൾ ആയുരാരോഗ്യ രക്ഷയിൽ എത്ര പ്രധാനം എന്ന് അറിഞ്ഞു ആയുർവ്വേദം നൽകുന്ന നിർദേശങ്ങൾ ഇന്നും പുതുമയോടെ ലോകം ശ്രദ്ധിക്കുന്നു അംഗീകരിക്കുന്നു.
1988ൽ ഫ്രഞ്ച് ന്യൂട്രിഷനിസ്റ്റ് ഡോക്ടർ അലയിൻ ഡെലബോസ് പ്രൊഫസർ ജീൻ റോബർട്ട് റാപിൻ എന്നിവർ ചിട്ടപ്പെടുത്തിയ ക്രോണോന്യൂട്രിഷൻ എന്ന ആഹാരക്രമം ആയുർവേദ ആഹാരരീതിയുമായി ഏറെ സമാനത പുലർത്തുന്നു.
നമ്മുടെ ഭക്ഷണ രീതിയിലെ ആഹാരം കഴിക്കുന്ന സമയം ആഹാര ദഹന രീതി വ്യത്യസ്ത ഭക്ഷണത്തോട് ശരീരം പുലർത്തുന്ന ആഭിമുഖ്യം എന്നിവ നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോഷക ഗുണങ്ങൾ എന്നിവ ശരീര ഘടികാരവുമായി ഏറെ ബന്ധം നിലനിർത്തുന്നു എന്നതാണ് ഈ സമ്പ്രദായം മുന്നോട്ട് വെക്കുന്ന വിഷയം.
ആഹാര രീതി ശരീര ഘടികാര സമയവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തുക പുനർ നിർണയിക്കുക വഴി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. ശരീര പ്രവർത്തന ക്ഷമത , ഊർജസ്വലത , ഉറക്കം , ഉറക്കമുണരൽ, ഹോർമോൺ നിലയും പ്രവർത്തനവും, ആഹാരകാര്യങ്ങളിൽ ഉള്ള മനോഭാവം താല്പര്യം എന്നിവ എല്ലാം അപഗ്രഥിച്ചു ആഹാര കാര്യങ്ങൾ നിർണയിക്കുക ആണ് ക്രോണോന്യൂട്രിഷൻ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, ഓരോ തവണത്തേയും ആഹാരത്തിന്റെ അളവ്, ആഹാര സമയം എന്നിവ ഏറെ പ്രധാനമാണ്. മൂന്നു നേരത്തെ ഭക്ഷണം, നാലുമുതൽ അഞ്ച് മണിക്കൂർ വരെ ഇടവേള പാലിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷകരമായി ബാധിക്കും.
രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ആയി പന്ത്രണ്ടു മണിക്കൂർ ഇടവേള ഉണ്ടാവണം. ഭക്ഷണത്തിലെ കൊഴുപ്പ് ശരിയായി വിഘടിപ്പിച്ചു ഉപയോഗപ്പെടുത്താൻ ഇത് സഹായിക്കും.
അഷ്ടാംഗഹൃദയം മാത്രശ്രുതീയം അദ്ധ്യായത്തിൽ നൽകുന്ന നിർദേശങ്ങൾക്ക് സദദൃശമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സമീപനം ആണ് ഈ പോഷകാഹാര ശാഖ ഉൾക്കൊള്ളുന്നത് എന്ന് കരുതുന്നു.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

	
		

      
      



              
              
              




            
Leave a Reply