പ്രിയ കിരൺ

പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷ ജീവികളും ഓൺലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി. ശബരിമലയിൽ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോൾ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം! ബീഫ് കഴിക്കുന്ന മ്ലേച്ചകേരളീയ സമൂഹത്തിനുള്ള പരാശക്തികളുടെ ഒരു താക്കീതുമാവാം! പ്രമുഖ പത്രത്തിൽ ഒന്നാം പേജിൽ തല മൂത്ത തമ്പുരാട്ടിയുമായുള്ള അഭിമുഖത്തിൽ അവരും പറഞ്ഞു കണ്ടു , പ്രളയം ദൈവകോപമല്ലാതെ മറ്റൊന്നല്ലെന്നു !

വരൾച്ച പ്രവചിച്ചു പ്രളയം വരുത്തിയ കാണിപ്പയ്യൂരിനെതിരെ ട്രോളന്മാരുടേതടക്കം ഏതാനും ഒറ്റപ്പെട്ട പ്രതികരണങ്ങളല്ലാതെ , കേരളത്തിൽ കലാലയങ്ങളിൽ, ശാസ്‌ത്രവിഷയങ്ങൾക്ക് പ്രവേശനം കിട്ടാനുള്ളത്ര തള്ളും തിരക്കുമൊന്നും, ഇത്തരം യുക്തിരാഹിത്യങ്ങളെ എതിർക്കുന്നതിൽ പൊതുവിൽ കാണുകയുണ്ടായില്ല. സാക്ഷരതക്കും ശാസ്‌ത്രപഠനത്തിനും അപ്പുറം ശാസ്ത്രമോ യുക്തിചിന്തയോ ഒരു മനോവൃത്തിയായി മാറ്റാൻ നമുക്കിനിയും സാധിക്കാത്തതെന്തു കൊണ്ടാണ്!

എട്ടിന്റെ സ്പാന്നറും എടുത്തു “ദിപ്പോ ശരിയാക്കിത്തരാം ” എന്ന ആത്മഗതത്തോടെ പൈതൃകങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഇന്നത്തെ ഒരു ട്രെൻഡ് ! കർക്കിടക കഞ്ഞി , പ്രകൃതി ജീവനം , രാമായണ മാസം .. അങ്ങനെ അതിവേഗം ബഹുദൂരത്തേക്കു റിവേഴ്‌സ് ഗിയറിടുമ്പോൾ, പണ്ട് സഹതാരങ്ങളായി പോലും കഥയിൽ ഇല്ലാതിരുന്ന അക്ഷയത്രിതീയ, തൃക്കാർത്തിക തുടങ്ങി ചിലരെക്കൂടി ഇപ്പോൾ മുഖ്യവേഷങ്ങളിൽ കാണാനുമുണ്ട്!

സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസത്തിന്റെയും പതനം രേഖപ്പെട്ട 1980 – കളുടെ അവസാനം വരെയും, അന്ധവിശ്വാസത്തെ യുക്തികൊണ്ടെതിർക്കപ്പെടുന്നത് പ്രോത്സാഹിക്കപ്പെട്ടിരുന്നൊരു സമൂഹമാണ് ഇങ്ങനെ പടവലങ്ങയുടെ വളർച്ചാനിരക്ക് കടമെടുത്തിരിക്കുന്നതെന്നോർക്കണം !

ദേശീയ തലത്തിലാണെങ്കിൽ പൈതൃക, പാരമ്പര്യ സംരക്ഷണവും , യോഗയും ധ്യാനവുമെല്ലാം സർവശക്തിയോടെയും സഭ കയ്യടക്കിയിരിക്കുന്നു. എയ്ൻസ്റ്റീനിന്റെ സിദ്ധാന്തങ്ങളും, റോക്കറ്റ് വിക്ഷേപണ രഹസ്യങ്ങളും വേദത്തിലുണ്ടെന്നും, ഇന്ന് വരെ ഒരു പ്രസവ വാർഡിലും കുരങ്ങൻ മനുഷ്യനെ പ്രസവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, തെളിവുകളുടെ അഭാവത്തിൽ പരിണാമ സിദ്ധാന്തത്തെ തള്ളിക്കളയുന്നെന്നും , ഭരണനേതൃത്വം “ശാസ്ത്രീയ” ഭേദഗതികൾ നടത്തുമ്പോൾ, മാടമ്പള്ളിയിലെ യഥാർത്ഥ ശാസ്ത്ര /യുക്തിചിന്തകർ മുറിയടച്ചിരുന്നു ദീർഘശ്വാസം വിടുകയല്ലാതെ എന്ത് ചെയ്യാൻ !

ഇത്തരം തിരിച്ചു പോക്കുകളും , വിശ്വാസപ്രമാണങ്ങളുടെ രക്ഷാകർതൃത്വവും പ്രചാരണവും , അവയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും , ഉദ്ദേശശുദ്ധിയുടെയും സ്വാർത്ഥ താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലും സത്യസന്ധമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രശസ്ത ചിന്തകയും എഴുത്തുകാരിയുമായ മീര നന്ദ പറഞ്ഞത് പോലെ “ പ്രകൃതി മണ്ഡലത്തെ ശാസ്ത്രാധിഷ്ഠിതമായും മതേതരമായും മനസിലാക്കുക എന്നത് , മതേതര ജനാധിപത്യ സമൂഹം ഉയർന്നു വരുന്നതിനുള്ള ഒരു മുന്നുപാധിയാണ്”.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെയല്ല, ആർഷഭാരതസംസ്കൃതിയുടെയും, വേദോപനിഷത്തുക്കളെയുമുള്ളിൽ സമസ്തപ്രശ്നങ്ങളുടെയും , പരമാനന്ദത്തിന്റെയും രഹസ്യങ്ങളെല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണോ താങ്കൾ ? ഇത്തരം വിചാരധാരയുടെ പ്രഭവകേന്ദ്രം രണ്ടാവാം – ഒന്ന്, ഭൂരിപക്ഷത്തോട് ചേർന്ന് നിന്ന് സ്വന്തം വേരുകളെയും, സംസ്കൃതിയെയും സംരക്ഷിക്കുന്നെന്ന തോന്നലുളവാക്കുന്ന ഒരു മനസുഖം , അത് തരുന്ന മിഥ്യാഭിമാന, സുരക്ഷിത ബോധം . അല്ലെങ്കിൽ യാഥാർത്ഥമായും ധ്യാനം, യോഗ, നിർവാണം തുടങ്ങിയ അതീന്ദ്രിയസങ്കൽപ്പങ്ങളിൽ ഉള്ള വിശ്വാസം.

ഈ കവലയിലേക്കു നമ്മെയെത്തിച്ച വഴി ഇതിൽ ഏതുമാവട്ടെ , ഇവിടെ എത്തിപ്പെട്ടവർ തീർച്ചയായും കേട്ടിരിക്കേണ്ട ഒരാളാണ് കേരളത്തിലെ പരിജ്ഞാനയുക്തിവാദികളിൽ പ്രമുഖനും , യുക്തിമുഖം മാസികയുടെ എഡിറ്ററുമായ , പ്രശസ്ത ഓർത്തോ സർജൻ ഡോക്ടർ സി വിശ്വനാഥൻ . ഹൈന്ദവത, ധ്യാനം , യോഗ , വേദങ്ങൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശാസ്ത്രീയാടിത്തറയോടെ ഏറെ ഗഹനമായ പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ള ഡോക്ടർ വിശ്വനാഥൻ കേരളപരിജ്ഞാനയുക്തിധാരയുടെ തിങ്ക് ടാങ്ക് എന്നാണ് അറിയപ്പെടുന്നത്. സെപ്തംബര് 21 – നാണു , യുണൈറ്റഡ് റാഷണലിസ്റ്സ് ഓഫ് യു കെ – യുടെ ആഭിമുഖ്യത്തിൽ, ഡോക്ടർ സി വിശ്വനാഥൻ യു കെ മലയാളികളോട് സംവദിക്കാനായി യു കെ യിൽ എത്തുന്നത്.

കേവലം ഒരു നിരീശ്വരവാദി, നാസ്തികൻ എന്നതിനപ്പുറത്തു , നവനാസ്തികതയുടെ ആത്മീയ വിരൽ ചൂണ്ടലിനെയും , ബിംബവൽക്കരണത്തെയും , വർഗീയവിഭജനങ്ങളെയും ,ഗോത്രീയതെയും സരളമായി , സൗമ്യമായി എന്നാൽ യുക്തിയുക്തമായി ഖണ്ഡിക്കുകയും ചെയ്യുന്നു ഇദ്ദേഹം . നവഹിന്ദുത്വത്തിന്റെ ബ്രഹ്മണ്യബോധത്തെ തകർക്കാനും, യുക്തിവാദത്തിൽ ഇന്ത്യൻ ജ്ഞാനോദയത്തിനും ദളിത് സ്ത്രീ മുന്നേറ്റമാണ് ഉത്തരമെന്നു വിശ്വസിക്കുന്ന ഡോക്ടർ വിശ്വനാഥന്റെ സംവരണ, സ്ത്രീപക്ഷനിലപാടുകളും ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഏറെ ആശാവഹമാണ് .

“ബോധവും പരിണാമവും “ എന്നതാണ് യു കെ – യിലെ ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണവിഷയം എന്നത് വാസ്തവത്തിൽ അത്ഭുതമുണ്ടാക്കിയില്ല . സമാനവിഷയങ്ങളിലെ അദ്ദേഹത്തിന്റെ താല്പര്യവും അറിവും ധ്യാനരഹസ്യവും , ധ്യാന പ്രലോഭനം തുടങ്ങിയ പ്രഭാഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാൻ എന്താണ് ? എന്താണ് ധ്യാനം? പരമാനന്ദം ? പരിണാമത്തിന്റെ ഉപോൽപ്പത്തിയാണ് ബോധം , ധ്യാനത്തിന്റെ പരമാനന്ദഅവസ്ഥയെന്നാൽ ഇന്ദ്രിയ സംവേദനങ്ങൾക്കു മേലെ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പ്രതിപ്രവർത്തനമാണെന്നും തുടങ്ങി , പുരാതന ധാരണകളെയും അവയുടെ പ്രചരണങ്ങളെയും, യുക്തിയുടെയും ശാസ്ത്രീയലോകവീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും അനുചിതമായ പദങ്ങളാൽ ലളിതമനോഹരമായി പുനഃപരിശോധിക്കുന്ന അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ, യുകെ മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുക്കുന്നു യുണൈറ്റഡ് റാഷണലിസ്റ്സ്.

ആൾദൈവങ്ങൾ നിറഞ്ഞാടുന്ന , ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളാക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഭരണഘടന വിഭാവനം ചെയ്ത സ്വതന്ത്ര, മതേതര, ജനാധിപത്യരാഷ്ട്രം കെട്ടിപ്പടുക്കാൻ, നാം കൂടെ കൂട്ടേണ്ടത് പൗരാണികപ്രതാപകഥകളോ , യുക്തി,ശാസ്ത്രാവബോധമോ എന്ന് ചിന്തിക്കുന്നവർ തീർച്ചയായും എത്തിച്ചേരേണ്ടയിടമാണ് ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണ വേദി.