ഗ്രന്ഥകാരനും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റെ അന്ത്യം കരള്‍ വൃക്ക രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പന്ത്രണ്ടേകാലോടെയായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തിന്റെ വികസന, സാംസ്കാരിക മേഖലകളില്‍ ചലനമുണ്ടാക്കിയ നിരവധി പദ്ധതികളുടെ അമരക്കാരനായിരുന്നു അദ്ദേഹം. സിവിൽ എൻജിനീയറിംഗ് പാസായ അദ്ദേഹം 21 വയസ്സിൽ സർക്കാർ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസില്‍ ഏഴാം റാങ്ക് നേടി. കലക്ടര്‍, വകുപ്പ് തലവന്‍, അഡീ. ചീഫ് സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇടുക്കി പദ്ധതി പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം ഐഎഎസിൽ നിന്ന് 59ാം വയസിൽ സ്വയംവിരമിച്ച് ഒാംബുഡ്സ്മാനായി.

പ്രതിരോധ ശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും, മൂന്ന് ഡോക്ടറേറ്റ് ബിരുദങ്ങളും നേടിയിട്ടുണ്ട്. ബൈബിള്‍ നിഘണ്ടുവായ ‘വേദശബ്ദരത്നാകര’ത്തിന്‍റെ രചയിതാവാണ്. കഥ ഇതുവരെ, ഫ്രാൻസിസ് വീണ്ടും തുടങ്ങി 35 പുസ്തകങ്ങള്‍ രചിച്ചു. സംസ്കാരം നാളെ വൈകിട്ട് നാലിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരികമേഖലയ്ക്ക് കനത്ത നഷ്ടമെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു.

ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, മികച്ച ഭരണാധികാരി അങ്ങനെ വിവിധ മേഖലകളില്‍ മായാത്ത ഇടം സ്ഥാപിച്ചാണ് ഡോ. ഡി.ബാബുപോള്‍ വിടപറയുന്നത്. ഒരോന്നിലും സ്വതസിദ്ധമായ കയ്യൊപ്പ് കാണാം. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിന്ന് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച അദ്ദേഹം ബാക്കിജീവിതം ഉഴിഞ്ഞുവെച്ചത് എഴുത്തിനും വായനയ്ക്കും പ്രഭാഷണത്തിനുമായിരുന്നു.

അറിവ് തേടിയുള്ള അന്വേഷണമായിരുന്നു ഡോ. ഡി. ബാബുപോളിന്റെ ജീവിതം. സിറിയൻ ഒാർത്തഡോക്സ് സഭയിലെയും വടക്കൻ തിരുവിതാകൂറിലെയും ആദ്യകാല ബിരുദാനന്തരബിരുദധാരികളിൽ ഒരാളായിരുന്ന പി എ പൗലോസ് കോറെപ്പിസ്കോപ്പയുടെയും 1920കളിൽ തിരുവിതാംകൂറിൽ ഒന്നാം റാങ്കോടെ ഇ എസ് എൽ സി ജയിച്ച മേരി പോളിന്റെയും മകനാണ് ബാബുപോള്‍. 1941ൽ ജനിച്ചു. ആദ്യത്തെ പ്രസംഗം 1946 ൽ അഞ്ചാംവയസ്സില്‍. അന്നേ അദ്ദഹത്തിനെ കേള്‍ക്കാന്‍ ആളുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസ് എസ് എൽ സിക്ക് മൂന്നാം റാങ്ക് , സ്കോളര്‍ഷിപ്പോടെ തിരുവനന്തുപുരം എഞ്ചിനീയറിങ് കോളജില്‍ ഉപരിപഠനം . സിവിൽ എൻജിനീയറിംഗ് പാസായി 21 വയസ്സിൽ സർക്കാർ കോളജ് അധ്യാപകനായി. തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതി. ഐഎഎസ് ഏഴാം റാങ്കോടെ നേടി . കൊല്ലം സബ്കലക്ടറായി തുടക്കം അതും ദിവാന്‍ സര്‍ ടി. മാധറാവവിന്റെ അതേ കസേരയില്‍ ഇരുന്ന്. വിവിധ സ്ഥാപനങ്ങളുടെ തലവന്‍, വിവിധ വകുപ്പുകളുടെ ചുമതലക്കാരന്‍, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളില്‍ ഭരണമികവും നേതൃപാടവവും തെളിയിച്ചു. ഇടുക്കി പദ്ധതി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയതിന് അച്യുത മേനോൻ മന്ത്രിസഭ പ്രത്യേക പുരസ്കാരമായി അന്ന് പതിനായിരം രൂപ നല്കിയത് എടുത്തുപറയേണ്ട നേട്ടം. ഇതിനിടെ പഠനം ഒരിക്കലും ഒാരത്തായില്ല. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ

.മാനേജ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് .55ാം വയസ്സിൽ ചീഫ് സെക്രട്ടറിയുടെ റാങ്കുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറിയായി . 59വയസ്സിൽ സ്വമേധയാ വിരമിച്ച് ഒാംബുഡ്സ്മാൻ സ്ഥാനം സ്വീകരിച്ചു. ഇപ്പോള്‍ കിഫ്ബിയില്‍ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സില്‍ അംഗം.

19 ാം വയസ്സില്‍ എഴുതിയ യാത്രയുടെ ഒാര്‍മകളാണ് ആദ്യ പുസ്തകം. ആദ്യത്തെ പ്രതിഫലം 1962ൽ മലയാള മനോരമ വാരാന്തരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്. മലയാളത്തിലെ ആദ്യ ബൈബിള്‍ നിഖണ്ഡുവായ വേദ ശബ്ദ രത്നാകരം മാത്രം മതി ബാബുപോളിന്റെ പേര് എന്നെന്നും നിലനില്‍ക്കാന്‍. ഔദ്യോഗിക ജീവിത്തത്തിന്റെ തിരക്കുകള്‍ക്കിടെ എല്ലാദിവസവും പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ അഞ്ചേമുക്കാല്‍ വരെ രണ്ടരമണിക്കൂര്‍ മുടക്കം കൂടാതെ ഒന്‍പതുവര്‍ഷകൊണ്ടാണ് ഈ ബൃഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയത്

കഥ ഇതുവരെ എന്നപേരില്‍ സര്‍വീസ് സ്റ്റോറി 2001 ല്‍ പ്രസിദ്ധീകരിച്ചു. ലേഖനസമാഹാരങ്ങളും നർമ ലേഖനങ്ങളും സഞ്ചാരസാഹിത്യവും ബാലസാഹിത്യവും പഠനങ്ങളുമുൾപ്പെടെ സാഹിത്യത്തിന്റെ എല്ലാശാഖകളിലും അദ്ദേഹം കൈവച്ചു. ഫ്രാൻസിസ് മാർപാപ്പയെ പറ്റി എഴുതിയ ഫ്രാൻസിസ് വീണ്ടും വന്നു എന്ന കൃതി അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയവയിലൊന്നാണ് . അച്ചൻ, അച്ഛൻ, ആചാര്യൻ എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേർന്നാണ് രചിച്ചത്. ആകെ 35 പുസ്തകങ്ങള്‍ .സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. അറിവിനോട് മാത്രമായിരുന്നു ആസക്തി, ജീവത്തോട് അനാസക്തിയും. സ്വന്തം ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചു ആ മനസ്

ദൈവം ആ ആഗ്രഹവും സാധിച്ചുകൊടുത്തു. അവസാന നിമിഷം വരെ കര്‍മനിരതമായിരുന്നു ആ ജീവിതം. ഏതാനും ദിവസം മുമ്പ് എന്‍.ഡി.എയുടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ഒാഫിസ് ഉദ്ഘാടനം ചെയ്തത് ബാബുപോളാണ്. അവസാനത്തെ പൊതുപരിപാടിയും ഇതുതന്നെ. ഭാര്യ പരേതയായ അന്ന ബാബു പോള്‍. മക്കള്‍ :മറിയം ജോസഫ്,ചെറിയാൻ സി പോൾ . കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന കുര്യാക്കോസ് റോയ് പോൾ ഏക സഹോദരൻ . ജീവിതത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരിക്കല്‍ ബാബുപോള്‍ ഇങ്ങനെ പറഞ്ഞു. ദൈവത്തില്‍ നിന്ന് വലിയകാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അത് പ്രാവര്‍ത്തികമാക്കി ആ ധന്യജീവിതം.