ബത്തേരി∙ ‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികിൽസയ്ക്ക് എത്തുമ്പോൾ ഇൗ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു. – പറയുന്നത് പാമ്പുകടിയേറ്റ ഷെഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി.
ദൈവം കഴിഞ്ഞാൽ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും അസമയത്തു പോലും രോഗികൾ വന്നാൽ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല. – ഡോ. ജിസ പറയുന്നു. ക്ലാസ്റൂമിൽ പാമ്പുകടിയേറ്റ് ഷെഹല ഷെറിൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. ജിസ മെറിൻ ജോയി മനസ്സു തുറന്നതിങ്ങനെ:
‘നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെയുമായി പിതാവ് ആശുപത്രിയിൽ വരുന്നത്. സ്കൂളിൽ നിന്ന് പറ്റിയതാ. ക്ലാസിൽ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോൾ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലിൽ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും ‘അൺനോൺ ബൈറ്റ്’ ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാൻ പറഞ്ഞു. അവൾ 27 വരെ തടസമില്ലാതെ എണ്ണി. മോൾക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. കാലിൽ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു.
പേടിക്കണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ സമയവും കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും തോന്നിയില്ല. വരുമ്പോൾ കുഞ്ഞിന്റെ കാലിൽ ഒരു തൂവാല കെട്ടിയിരുന്നു. ഇതാരാണ് കെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. കുഞ്ഞിന് വല്ലതും കഴിക്കാൻ നൽകാൻ പറഞ്ഞതിനു ശേഷം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനോട് ബിപി പരിശോധിക്കാനാവശ്യപ്പെട്ടു. ഈ സമയം ഫയലിൽ വിവരങ്ങൾ രേഖപ്പെടുത്തി. പാമ്പുകടിയേറ്റ് 20 മിനിറ്റിനുള്ളിൽ ചെയ്യുന്ന, രക്തം കട്ടപിടിച്ചോ എന്നറിയുന്നതിനുള്ള പരിശോധന ഈ സമയത്തിനുളളിൽ നടത്തി. ബ്ലീഡിങ് ടൈമും ക്ലോട്ടിങ് ടൈമും രേഖപ്പെടുത്തി. ഈ രണ്ട് പരിശോധനകളും നോർമലായിരുന്നു. ഈ സമയത്തിനിടെ ആരോ കുഞ്ഞിന്റെ കാലിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റിയിരുന്നു. ഇത് ആവശ്യപ്പെടാതെയാണ് അവർ ചെയ്തത്.
ഈ സമയം കുഞ്ഞിന്റെ കണ്ണ് മങ്ങുന്നുണ്ടോ, തുറക്കാൻ ബുദ്ധിമുട്ടുണ്ടോ, കാഴ്ച രണ്ടായി തോന്നുന്നുണ്ടോ എന്നെല്ലാം ചോദിച്ചു. ഇതൊന്നുമില്ലെന്നാണ് കുഞ്ഞു പറഞ്ഞത്. കുഞ്ഞിനോട് എഴുന്നേറ്റ് നടന്നു വരാൻ പറഞ്ഞു. നടക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഇത്. ഈ സമയം ടീച്ചർമാരിൽ ഒരാൾ കയ്യിൽ പിടിച്ചു. ടീച്ചർ പിടിക്കാതെ നടന്നു വരാൻ പറഞ്ഞു. ഈ സമയം കുഞ്ഞ് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുന്നത് മനസ്സിലായപ്പോഴാണ് പാമ്പുകടിയാണെന്ന് ഉറപ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ആ സമയം അവിടെയില്ലായിരുന്നു. അദ്ദേഹം പരിഭ്രാന്തനായി ഓടിനടക്കുകയായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഈ സമയത്താണ് അദ്ദേഹത്തോട് കൺസെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ ഒപ്പിട്ടു വാങ്ങാൻ അങ്ങനെ ഒരു കടലാസ് ആ ആശുപത്രിയിൽ ഇല്ലായിരുന്നു. ആന്റി വെനത്തിന്റെ സ്റ്റോക്ക് ഉടനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
വെന്റിലേറ്ററില്ല, ആവശ്യത്തിന് കുത്തിവയ്പ് മരുന്നില്ല
‘‘വലിയ ആളാണെങ്കിലും കുട്ടിയാണെങ്കിലും മൂർഖനോ അണലിയോ കടിച്ചാൽ കുറഞ്ഞത് 10 വയൽ (ആന്റി വെനം കുത്തിവയ്പിനു പറയുന്ന പേര്) കൊടുക്കണം. അത് അവിടെ ഉണ്ടായിരുന്നില്ല. ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് കൊടുക്കാമെന്ന നിലയിൽ കുട്ടിയുടെ പിതാവിനോട് കാര്യങ്ങൾ പറയുകയാണ്. അദ്ദേഹം ഇംഗ്ലിഷ് അറിയുന്ന ആൾ ആണോ എന്നറിയാത്തതിനാൽ ഓരോന്നും മലയാളത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അദ്ദേഹം, കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടർ, ഇതിനു മുകളിൽ ഇനി എന്താണ് ഉള്ളത് എന്നാണ് ചോദിച്ചത്. ഇതിന് മുകളിൽ എന്തെങ്കിലും വേണമെങ്കിൽ വെന്റിലേറ്ററുള്ള മെഡിക്കൽ കോളജിൽ കൊണ്ടുപോകണം എന്ന് അദ്ദേഹത്തോടു പറഞ്ഞു. വെന്റിലേറ്റർ അവിടെ മാത്രമേ ഉള്ളൂ, ഇവിടെയാകട്ടെ പീഡിയാട്രിക് വെന്റിലേറ്റർ ഇല്ല. മുതിർന്നവർക്കുള്ള രണ്ടു വെന്റിലേറ്ററുകളാകട്ടെ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.
കുട്ടികളെ ഇന്റിമേറ്റ് ചെയ്യുമ്പോൾ വായിലിട്ടു പരിശോധിക്കുന്ന ലാറിഞ്ചോസ്കോപ് പ്രവർത്തിക്കുന്നില്ല. അതിന്റെ അറ്റത്തുള്ള ബൾബ് പ്രവർത്തിക്കാത്തതിനാൽ പുറകിൽ നിന്ന് ടോർച്ച് അടിച്ചാണ് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പരിശോധന നടത്തിയത്. ഈ വിവരം ഹെഡ് സിസ്റ്ററെ അന്നു തന്നെ അറിയിക്കുകയും വെന്റിലേറ്ററിന്റെ ചാർജുള്ള ഡിഎംഒയെ ഫോൺ വിളിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പരാതി എഴുതിക്കൊടുക്കാൻ ചാർജില്ലാത്തതിനാൽ സാധിക്കില്ല. അതിനാലാണ് വിളിച്ചു പറഞ്ഞത്. ഇനി ടോർച്ചടിച്ച് ഞാനത് ഇട്ടു എന്നിരുന്നാൽ തന്നെ വായിലൂടെ ഉള്ളിലേക്ക് ഇടേണ്ട എൻഡോട്രക്കൽ ട്യൂബ് കുട്ടികൾക്കുള്ള സൈസിൽ(സൈസ് 5) അവിടെ ഇല്ല. വ്യാഴാഴ്ച രാവിലെ ഞാൻ ഡ്യൂട്ടിയിലുള്ള സമയം വരെ ഈ സാധനം അവിടെയില്ല.’’ – ഡോ. ജിസ പറഞ്ഞു.
വിഷം ബാധിച്ചത് ഞരമ്പിനെ
കുഞ്ഞിന്റെ ഞരമ്പിനെയാണ് വിഷം ബാധിച്ചിരിക്കുന്നത് എന്നാണ് ഡയഗ്നോസ് ചെയ്തത്. കുഞ്ഞിനെ അവിടെ ചികിത്സിക്കാൻ തീരുമാനിച്ചാൽ വേണ്ടത് വെന്റിലേറ്റർ സപ്പോർട്ടോടെയുള്ള ആന്റിവെനമാണ്. കുത്തിവയ്പ് കൊടുത്താൽ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ടില്ലാതെ പറ്റില്ല എന്നുറപ്പാണ്. കുഞ്ഞിനെ മോണിറ്റർ ചെയ്യണം എന്നു പറയുമ്പോൾ കുട്ടിയുടെ പിതാവ് കുഞ്ഞിന് മരുന്നു കൊടുത്തശേഷം മെഡിക്കൽ കോളജിലേക്കു വിടാനാണ് പറയുന്നത്. അത് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹത്തോട് ഞാൻ കുറഞ്ഞ സമയത്തിനുള്ളിൽ പറ്റുന്ന തരത്തിൽ വിവരിക്കുകയും ചെയ്തു.
തീരുമാനം കോഴിക്കോടേയ്ക്ക് പോകാൻ
അവസാനം, ഞാനെന്താ ചെയ്യണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചു. മെഡിക്കൽ കോളജിലേക്കു പോകാമെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ സീനിയർ ഡോക്ടറെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം തന്നെ മറ്റൊരു കാര്യത്തിനായി തിരിച്ചു വിളിക്കുന്നത്. അപ്പോൾ തന്നെ സീനിയറിനോടും കാര്യങ്ങൾ പറഞ്ഞു. എന്തു ചെയ്യണമെന്ന് സീനിയറിനോടും ചോദിച്ചു. പിതാവ് കൊണ്ടുപോകണമെന്നാണ് പറയുന്നതെങ്കിൽ ഒരു കേസ് ഷീറ്റ് എഴുതി നൽകി വിടാനാണ് അദ്ദേഹം പറഞ്ഞത്. പിതാവ് കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നില്ല, പകരം അനുമതി പത്രം എഴുതിത്തരാൻ തയാറായില്ല. മരുന്ന് സ്റ്റാർട്ട് ചെയ്താൽ മോണിറ്റർ ചെയ്യാനുള്ള സമയം എടുക്കുമെന്ന് പറഞ്ഞപ്പോൾ, കൊണ്ടുപോയാൽ വൈകില്ലേ എന്നാണ് ചോദിച്ചത്. ‘കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടറേ’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വെന്റിലേറ്റർ സംവിധാനമില്ലാതെ മരുന്നു നൽകി കുഞ്ഞിനെ രക്ഷിക്കാമെന്ന് ഞാൻ എങ്ങനെ ഉറപ്പു നൽകും. ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തോട് പറഞ്ഞപ്പോഴാണ് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. പരിശോധനയിൽ വലിയ കുഴപ്പം കാണാതിരുന്നതിനാൽ ഒരു മൂന്നു മണിക്കൂറിനുള്ളിലേ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ട് വേണ്ടി വരികയുള്ളൂ എന്നായിരുന്നു കണക്കു കൂട്ടൽ.
ആംബുലൻസ് ഏർപ്പെടുത്തി, നിരന്തരം വിളിച്ചു
കൊണ്ടു പോകുകയാണെങ്കിൽ നേരെ കൊണ്ടുപോകണം. കോഴിക്കോട് ചെന്ന് ഡോക്ടറെ കണ്ടാൽ ഉടനെ കാര്യങ്ങൾ വിശദീകരിക്കാനായി ഡോക്ടറെക്കൊണ്ട് എന്നെ വിളിപ്പിക്കണം. ഇടയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാലും വിളിക്കണം എന്നും പറഞ്ഞ് എന്റെ നമ്പർ കൊടുത്തു. ഉടനെ തന്നെ ആംബുലൻസ് ഏർപ്പാടാക്കി കൊടുക്കുകയും എന്റെ ഒപ്പം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനെക്കൊണ്ട് ഇടയ്ക്കിടെ വിളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരു ഡോക്ടർ കൂടി ഒപി ഡ്യൂട്ടിയിലുള്ള സാഹചര്യമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അവരോടൊപ്പം ആംബുലൻസിൽ പോകുമായിരുന്നു. ഈ സമയം കുഞ്ഞിന് ആന്റിവെനം കുത്തിവയ്പും നൽകാമായിരുന്നു.
കുഞ്ഞിനെ ബാധിച്ചത് കൊടിയ വിഷം
കുഞ്ഞുമായി വന്നപ്പോൾ മുതൽ വിയർത്ത് കുളിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് പിതാവ്. അതേസമയം, ഒപ്പം വന്നവരോട് കുഞ്ഞിന് ഭക്ഷണം കൊടുത്തോ എന്നു ചോദിച്ചിട്ട് അതിനു പോലും വ്യക്തമായ മറുപടി നൽകിയില്ല. അവർ ആരാണെന്നറിയില്ല. സ്കൂളിൽ നിന്ന് ഒപ്പം വന്നവരാണെന്നാണ് പിന്നെ പറഞ്ഞു കേട്ടത്. ഞരമ്പിനെയും രക്തത്തെയും ബാധിക്കുന്ന കൊടിയ വിഷമായിരുന്നു കുഞ്ഞിന്റെ ശരീരത്തിൽ കയറിയത്. ന്യൂറോ ടോക്സിറ്റിയും ഹെമറ്റോ ടോക്സിറ്റിയും ഉണ്ടായിരുന്നതിനാൽ അണലി വിഭാഗത്തിൽ പെട്ട പാമ്പായിരിക്കുമെന്നാണ് സംശയിച്ചത്. ഇവർ മുറിവു കഴുകിയെന്നും മറ്റ് ആശുപത്രികളിൽ കാണിച്ചിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്. ഒപ്പം വന്നവരോട് കാര്യങ്ങൾ കുത്തിക്കുത്തിചോദിച്ചിട്ടും ഒന്നും പറയാതിരുന്നതും ദോഷമായി.
ആശുപത്രിയിലെ ന്യൂനതകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ പോലും നടപടിയുണ്ടായിട്ടില്ല. രോഗികളെ അധിക സമയം പരിശോധിക്കുന്നു എന്നാണ് എനിക്കെതിരെ ഉയർത്തുന്ന ആരോപണം. ഒരു ‘ഹെൽപ്‍ലെസ്’ ഡോക്ടർ എന്ന നിലയിലും കുഞ്ഞിനു വേണ്ടി ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തെന്ന ആത്മവിശ്വാസമുണ്ട്. വെന്റിലേറ്റ് ചെയ്ത് കുത്തിവയ്പ് കൊടുത്തിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. കുഞ്ഞ് നഷ്ടമാകുന്ന ഒരു അമ്മയുടെ വേദന ഉൾക്കൊള്ളാനാകും’ – ഡോ. ജിസ പറഞ്ഞു.
Leave a Reply