ബിഗ് ബോസ് മലയാളം സീസൺ 2വിലെ മത്സരാർത്ഥികളെ ഗ്രാൻഡ് ഓപ്പണിംഗ് വേദിയിൽ മോഹൻലാൽ പരിചയപ്പെടുത്തിയപ്പോൾ, പ്രേക്ഷകരെ ഏറെ ഞെട്ടിച്ച എൻട്രി അധ്യാപകനും വാഗ്മിയുമായ ഡോ. രജിത് കുമാറിന്റേതാണ്. വെള്ളത്താടിയും വെള്ളമുണ്ടും ഉടുത്തു കണ്ടു ശീലിച്ച രജിത് കുമാറിന്റെ മുടി ഡൈ ചെയ്ത് നിറപ്പകിട്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള വരവ് പ്രേക്ഷകരെ സംബന്ധിച്ചും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു.
കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി അധ്യാപകനായ രജിത് കുമാര്‍ വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ശ്രീശങ്കര കോളേജിലെ ഒരു പരിപാടിയ്ക്കിടെ, പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരമാർശങ്ങൾ നടത്തിയ രജിത് കുമാറിനെ ആര്യ എന്ന ബിരുദ വിദ്യാർത്ഥി നിർത്താതെ കൂവി തന്റെ പ്രതിഷേധം അറിയിച്ചതാണ് ആദ്യം വാർത്തയായത്. അതോടെയാണ് രജിത് കുമാർ വാർത്തകളിൽ നിറഞ്ഞു. തുടർന്ന് വിവാദങ്ങൾ രജിത് കുമാറിന്റെ പ്രസംഗങ്ങൾക്കൊപ്പം തന്നെ തുടർകഥയാവുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്.
രജിത് കുമാറിനെ പോലൊരു മത്സരാർത്ഥിയെ പരിപാടിയിലേക്ക് ചാനൽ ക്ഷണിച്ചത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് ബിഗ് ബോസ് ഹൗസിലെ ആദ്യദിന കാഴ്ചകൾ. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും മറ്റുള്ളവരുടെ കംഫർട്ട് സോണുകളെ ഭേദിക്കുകയും ചെയ്യുന്ന ഒരു മത്സരാർത്ഥി ഉണ്ടെങ്കിൽ മാത്രമേ വരുംനാളുകളിൽ ബിഗ് ബോസ് ഹൗസിലെ കാഴ്ചകൾ ഉദ്വോഗജനകമാവൂ എന്ന തിരിച്ചറിവു തന്നെയാണ് രജിത് കുമാറിന്റെ തിരഞ്ഞെടുപ്പിനു പിന്നിൽ. രജിത് കുമാറിന്റെ എൻട്രിയിൽ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്.
‘വന്നപ്പോഴേക്കും പണി തുടങ്ങി, ഷോയുടെ റേറ്റിംഗ് കൂട്ടാൻ ഇയാളെ കൊണ്ടുവന്നിരിക്കുന്നത്’, ‘ഇയാളോട് മുട്ടിനിൽക്കാവുന്ന മത്സരാർത്ഥികൾ ഹൗസിൽ ഇല്ല’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. രഞ്ജിനി ഹരിദാസിനെ പോലെയുള്ള മത്സരാർത്ഥികൾ ഉണ്ടാവേണ്ടിയിരുന്നത് ഇപ്പോഴാണ് എന്നും പ്രേക്ഷകർ പ്രതികരിക്കുന്നുണ്ട്.
വന്ന ഉടനെ തന്നെ ഹൗസിലെ മാലിന്യ സംസ്കരണത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള പ്ലാനുകൾ ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് രജിത് കുമാർ. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്ന രജിത് കുമാറിന്റെ ‘പ്രസംഗം’ ബിഗ് ബോസ് കുടുംബാംഗങ്ങൾക്കിടയിൽ അൽപ്പം മുഷിപ്പ് ഉണ്ടാക്കുന്നുമുണ്ട്. ആർ ജെ രഘുവിന്റെ വൈവാഹിക- സ്വകാര്യജീവിതത്തിലും വ്യക്തിപരമായ കാര്യങ്ങളിൽ കൈക്കടത്തുന്ന രീതിയിലുള്ള രജിത് കുമാറിന്റെ സംസാരവും ഹൗസ് മെമ്പേഴ്സിനിടയിൽ അസ്വസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും, വരും ദിവസങ്ങളിൽ കൂടുതൽ സംഘർഷങ്ങൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടാക്കുന്ന സാന്നിധ്യം രജിത് കുമാറിന്റേതാവും എന്നാണ് പ്രേക്ഷകരുടെയും അനുമാനം.
Leave a Reply