ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ചലച്ചിത്രനടിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ അഭിനയിച്ച സാറാ ഫിതിയനും (36) ഭർത്താവ് വിക്ടർ മാർക്കും (59) ആണ് പ്രതികൾ. 14 ലൈംഗിക കുറ്റകൃത്യങ്ങളിൽ സാറാ കുറ്റക്കാരിയാണെന്ന് നോട്ടിംഗ്ഹാം ക്രൗൺ കോടതി കണ്ടെത്തി. വിക്ടർ 18 കേസുകളിൽ കുറ്റക്കാരനാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു. 2002-നും 2003നും ഇടയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലും വിക്ടർ പ്രതിയാണ്.
ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം അവർ കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. മെയ് 16ന് ശിക്ഷ വിധിക്കുമെന്ന് ജഡ്ജി മാർക്ക് വാട്‌സൺ അറിയിച്ചു.
മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.
Leave a Reply