ഷിബു മാത്യൂ.
ഒക്ടോബര്‍ ഒമ്പത്.
ഒരു നാടകം കാണുവാന്‍ യുകെ മലയാളികള്‍ ലീഡ്സ്സില്‍ തടിച്ചുകൂടി.
ലീഡ്സ്സ് മലയാളി അസ്സോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച കലാവിരുന്നിലെ പ്രധാന ഇനമായിരുന്നു പ്രശസ്ത നാടക സംവിധായകന്‍ ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത അമ്മയ്‌ക്കൊരു താരാട്ട് എന്ന നാടകം. യുകെയിലെ മലയാളി അസ്സോസിയേഷനുകളില്‍ മുന്‍നിരയിലുള്ള ലീഡ്സ്സ് മലയാളി അസ്സോസിയേഷന്‍ കോവിഡ് പ്രതിസന്ധികളില്‍ ഗവണ്‍മെന്റ് നല്കിയ ഇളവുകളില്‍ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളേയും പുതുതായി ലീഡ്സ്സിലെത്തിയ മലയാളി കുടുംബങ്ങളേയും ഒത്തുചേര്‍ത്ത് സംഘടിപ്പിച്ച ആഘോഷമായിരുന്നു ‘ലിമ കലാവിരുന്ന്’.
നാടക കല കാലഹരണപ്പെടുമ്പോള്‍ മലയാള നാടക ശാഖയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ്വായി ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത അമ്മയ്‌ക്കൊരു താരാട്ട് മാതൃകയാകുന്നു.
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ലീഡ്‌സ് മലയാളി അസ്സോസിയേഷനിലെ കലാകാരന്മാര്‍ തന്നെയാണ് നാടകത്തില്‍ വേഷമിട്ടത്.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച സാബു ഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് മുന്‍പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.
അഭിനയകലയുടെ മിന്നും പ്രകടനത്തിന്റെ പിന്നാം പുറത്ത് നിന്ന് സംവിധായകനും അഭിനേതാവുമായ ജേക്കബ് കുയിലാടന്‍ അമ്മയ്‌ക്കൊരു താരാട്ടിനെക്കുറിച്ച് മലയാളം യുകെ ന്യൂസിനോട് സംസാരിക്കുന്നു…
നാടകം. അത് എനിക്ക് പ്രിയപ്പെട്ടതാണ്. അഭിനയം പാരമ്പര്യമായി കിട്ടി എന്ന് പറയുന്നതിനപ്പുറം കലാകാലന്മാരുടെ കുടുംബമായിരുന്നു ഞങ്ങളുടേത് എന്ന് പറയുന്നതിലാണ് കൂടുതല്‍ സന്തോഷം.. കലയോടുള്ള താല്പര്യം ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. പഠിപ്പിനോടൊപ്പമുള്ള വളര്‍ച്ചയില്‍ കലാപ്രവര്‍ത്തനവും ഞാന്‍ വളര്‍ത്തി.
അവസാനം യുകെയിലെ ലീഡ്സ്സില്‍ എത്തിയപ്പോഴും കലയോടുള്ള താല്പര്യം ഞാന്‍ മറന്നില്ല. സാഹചര്യം കൊണ്ട് ലീഡ്സ്സ് മലയാളി അസ്സോസിയേഷനില്‍ എത്തിപ്പെട്ടു. അതൊരു തുടക്കമായിരുന്നു. എന്റെ ചിന്തകള്‍ക്കനുസരിച്ചുള്ള കലാകാരന്മാരെ എനിക്കിവിടെ കാണുവാനായി എന്നതായിരുന്നു എന്റെ സന്തോഷം. അവിടെ എന്റെ ചിന്തകള്‍ വളര്‍ന്നു. അങ്ങനെ ഊര്‍ജ്ജസ്വലതയള്ള സാബുഖോഷിനേയും ജയനേയും പോലെയുള്ള കലാകാരന്മാരെ എനിക്ക് ലിമയില്‍ നിന്നും കണ്ടു പിടിക്കാന്‍ സാധിച്ചു. കഴിവുള്ള നിരവധി കലാകാരന്മാര്‍ ലിമയിലുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതിന്റെ ആകെ തുകയാണ് അമ്മയ്‌ക്കൊരു താരാട്ട്.
ഒരുപാട് പേര്‍ അഭിനയിക്കുമ്പോള്‍ പരിമിതികള്‍ പലതാണ്.
എല്ലാവരേയും ഒരുമിച്ചു കിട്ടുക എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. റിഹേഴ്‌സിലില്‍ എല്ലാവരേയും ഒരുമിച്ച് കിട്ടിയിരുന്നില്ല. നാടക സംവിധാനത്തിന്റെ മുന്‍ കാല പരിചയമുള്ളതുകൊണ്ട് ഭംഗിയായി ചെയ്യുവാന്‍ സാധിച്ചു.
താല്പര്യമുള്ളവര്‍ മാത്രം അണിനിരന്നതു കൊണ്ട് അധിക പ്രശ്‌നം ഉണ്ടായില്ല. എല്ലാവരും ഡയലോകുകള്‍ പഠിച്ചു എന്നതാണ് ഈ നാടകത്തിന്റെ വിജയം.
സംവിധായകന്‍ ജേക്കബ് കുയിലാടന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
Leave a Reply