ബിർമിങ്ഹാം:  ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു.   എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും  74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.