ചെന്നൈ ∙ കോവിഡ് പോസ്റ്റീവായ ദമ്പതികൾ ബസിലുണ്ടെന്നറിഞ്ഞ സഹയാത്രികർ ഇറങ്ങിയോടി. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം. നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാൻ ജില്ലയിലെ പൻരുതിക്കും വാടല്ലൂരിനുമിടയിൽ ബസിൽ യാത്ര ചെയ്ത അൻപത്തിയേഴുകാരനും ഭാര്യയ്ക്കുമാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്.

ദമ്പതികളിൽ ക്ഷയരോഗബാധിതനായ ഭർത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാൽ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സാംപിൾ ശേഖരിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവർ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.

സ്രവപരിശോധന പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയെങ്കിലും വീടുപൂട്ടിയതായി കണ്ടു. ഇതേത്തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ ടിഎൻഎസ്‌ടിസി ബസിൽ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.

കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടർക്ക് ഫോൺ നൽകാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടർ നിലവിളിക്കുകയും ഈ ബഹളത്തിനിടെ ബസ് നിർത്തുന്നതിനിടെ യാത്രക്കാർ ഇറങ്ങിയോടിയതും. കോവിഡ് രോഗബാധിതനിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്.

മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലൻസിൽ രാജാ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂർ ജനറൽ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി.

മുപ്പതോളം യാത്രക്കാരാണ് ബസിൽ സഞ്ചരിച്ചത്. കോവിഡ് രോഗബാധ സംബന്ധിച്ച വിവരമറിയുമ്പോൾ പതിനഞ്ചോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. മറ്റു യാത്രക്കാർക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം സമാനമായ സംഭവം ഹരിദ്വാറിലും അരങ്ങേറി. ഡെറാഡൂൺ ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്ത ഋഷികേശ് സ്വദേശിയായ 48 കാരനാണ് യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതായി ഫോൺ സന്ദേശം ലഭിച്ചത്. പരിശോധനാ ഫലം പൊസിറ്റീവ് ആണെന്ന വിവരം ലഭിച്ചപ്പോൾ ഇയാൾ കോവിഡ് കെയർ സെന്ററിൽ വിളിച്ചറിയിച്ചു. ഫോൺവിളി കേട്ട സഹയാത്രികർ പരിഭ്രാന്തരായി.

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നു ട്രെയിൻ കയറിയ ഇയാൾ കോവിഡ് സാംപിൾ പരിശോധനയ്ക്കായി നൽകിയ കാര്യം മറച്ചുവച്ചെന്നാണ് ഹരിദ്വാർ സ്റ്റേഷൻ ഓഫിസർ അറിയിച്ചത്. ഹരിദ്വാറിൽ ട്രെയിൻ ഇറങ്ങിയ ഇയാളെ അവിടെ ഐസലേഷനിലാക്കി. സഹയാത്രികരായ ഇരുപതോളം പേരെ ക്വാറന്റീനിലാക്കി. ഗാസിയാബാദിലെ ഒരു ഫാക്ടറി ജീവനക്കാരനായ ഇയാളുടെ സാംപിൾ ഫാക്ടറിയിൽ നിന്നാണ് പരിശോധനയ്ക്ക് എടുത്തതെന്നും ഇയാളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നെന്നുമാണ് ഗാസിയാബാദ് അധികൃതർ അറിയിച്ചത്. ക്വാറന്റീൻ ലംഘിച്ച് ഇയാൾ എങ്ങനെ ട്രെയിനിൽ കയറിയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.